SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

ശാസ്താംനടയിലെ കണ്ടൽക്കാട് നാശത്തിലേക്ക്

photo1

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ജൈവവൈവിദ്ധ്യപ്പെരുമയ്ക്ക് മുതൽക്കൂട്ടായ കാട്ടുജാതിക്കാമരങ്ങൾ ഉള്ള ശാസ്താംനടയിലെ ശുദ്ധജല കണ്ടൽ ചതുപ്പ് നാശത്തിലേക്ക്.

കൃത്യമായ പരിപാലനം ഇല്ലാതെ ഇവിടുത്തെ കണ്ടൽക്കാടുകൾ നശിക്കുന്നെന്നാണ് പരാതി. പ്രദേശവാസികൾ കണ്ടൽക്കാടിനുള്ളിലെ കാട്ടുജാതിയുടെ ഗുണങ്ങൾ തിരിച്ചറിയാതെ മരങ്ങൾ വെട്ടിനശിപ്പിക്കുന്നതായും പരാതിയുണ്ട്. കൂടാതെ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ ഇതിന്റെ വേരിന്റെ ഘടനയുടെ പ്രത്യേകതമൂലം വ്യപകമായി വേരുകൾ വെട്ടിയെടുക്കാറുണ്ട്. ഒപ്പം വന്യമൃഗങ്ങളുടെ ശല്യവും വർദ്ധിച്ചതോടെ വ്യാപകമായി കണ്ടൽക്കാടുകൾ നശിക്കുകയാണ്.

ആയുർവേദ മരുന്നുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കാട്ടുജാതിക്കയുടെ കായ്കൾ. ഇത്തരത്തിൽ അഞ്ച് ഇനത്തിലുള്ള കാട്ടുജാതികളാണ് ഇവിടെയുള്ളത്. ഇവ വ്യത്യസ്ത രോഗങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. ഈ മരങ്ങൾക്കും കണ്ടൽക്കാടുകൾക്കും ബന്ധപ്പെട്ട അധികൃതർ വേണ്ട സംരക്ഷണം നൽകുന്നില്ലെന്നാണ് പരാതി. ജുറാസിക് കാലഘട്ടത്തിലെ ശേഷിപ്പിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല കണ്ടൽ ചതുപ്പുകളെ സംരക്ഷിക്കുന്നതിനായ് വനം വകുപ്പിന് നൽകണമെന്നും, ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പഠന കാര്യങ്ങൾക്ക് ഉതകുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകണമെന്നുമാണ് ആവശ്യം.

 ജാതിമരങ്ങൾ

ഉണ്ടപ്പൈൻ,ചോരപ്പൈൻ,ചോരപ്പാലി,കൊത്തപ്പൈൻ,പത്രി

 സമീപകാലത്തായി പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ പുതിയ ഒരിനം മരം കൂടി കണ്ടെത്തിയിട്ടുണ്ട്. മിരിസ്റ്റിക്ക ട്രോ ബോഗാരി എന്നാണ് ഇതിനെ നാമകരണം ചെയ്തത്. കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഞാവൽ വർഗ്ഗത്തിൽ പെട്ട ചവറാൻ എന്ന സസ്യം ഇവിടെയുണ്ട്.

 അപൂർവ ജീവജാലങ്ങളും

പശ്ചിമഘട്ടത്തിൽ കാണുന്ന ഉഭയജീവികളിൽ അൻപത് ശതമാനവും ഇവിടെയുണ്ട്. കരഞണ്ടുകൾ,ചെങ്കാലൻ ഞണ്ടുകൾ, ചെമ്പൻ തവള,കുതിക്കും തവള,സുവർണതവള,പറക്കുംതവള എന്നിവയാണ് പ്രധാനികൾ.കുഴി മൂക്കൻ അണലി,കാട്ടുമണ്ഡലി,കങ്കാരു ഓന്ത് തുടങ്ങി അൻപത്തി അഞ്ചിനം ഉരഗങ്ങളും കാട്ടാമ, ചൂരൽ ആമ എന്നിവയെ കൂടാതെ കുഴൽ ചിലന്തി,കടുവാ ചിലന്തി,രാക്ഷസ ചിലന്തി,ജലോപരിതലത്തിൽ പൊങ്ങി കിടന്ന് മീൻ പിടിച്ച് ഭക്ഷിക്കുന്ന മീൻ പിടിയൻ ചിലന്തി,പലതരം മീനുകൾ എന്നിവ ഈ ആവാസ വ്യവസ്ഥയിൽ കഴിയുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL