SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

വിതുര-കരിപ്പൂര്-നെടുമങ്ങാട് റൂട്ടിൽ ബസുകൾ ഓടിത്തുടങ്ങും

വിതുര: നെടുമങ്ങാട് കരിപ്പൂര് വിതുര റൂട്ടിലെ യാത്രാപ്രശ്നത്തിന് പരിഹാരമാകുന്നു. നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് കരിപ്പൂര്,വിതുര പൊൻമുടി റൂട്ടിൽ പുതിയ ബസ് സർവീസ് ആരംഭിച്ചു. നെടുമങ്ങാട് വിതുര ഡിപ്പോകളിൽ നിന്ന് നാമമാത്രമായ സർവീസുകളാണ് സർവീസ് നടത്തുന്നത്. മുമ്പ് അനവധി സർവീസുകൾ ഉണ്ടായിരുന്നെങ്കിലും കളക്ഷൻ കുറവെന്ന പേരിൽ സർവീസുകൾ മതിയാക്കുകയായിരുന്നു. കൂടുതൽ സർവീസുകൾ അയയ്ക്കണമെന്നാവശ്യപ്പെട്ട് കരുപ്പുര് നിവാസികൾ നെടുമങ്ങാട്, വിതുര ഡിപ്പോകളിൽ നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നില്ല. നെടുമങ്ങാട് കരിപ്പൂര് റൂട്ടിലെ യാത്രാക്ളേശം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മന്ത്രി ജി.ആർ.അനിലും, ജി.സ്റ്റീഫൻ എം.എൽ.എയും പ്രശ്നത്തിൽ ബന്ധപ്പെട്ടു. തുടർന്ന് നെടുമങ്ങാട് കരിപ്പൂര് വിതുര പൊൻമുടി റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കുകയായിരുന്നു. കരിപ്പൂര് പൊൻമുടി സർവീസ് ജി.ആർ.അനിൽ ഫ്ലാഗ് ഒഫ് ചെയ്തു. നെടുമങ്ങാട്,വിതുര,ആര്യനാട് ഡിപ്പോകളിൽ നിന്ന് ഓരോ സർവീസ് കൂടി കരിപ്പൂര് വിതുര റൂട്ടിൽ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് നാട്ടുകാർ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

 സർവീസുകൾ പേരിന് മാത്രം

കൊവിഡ് വ്യാപന സമയത്ത് സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ചു. എന്നാൽ കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും നിറുത്തലാക്കിയ ബസുകൾ തുടങ്ങിയില്ല. ബസ് സർവീസുകളുടെ അപര്യാപ്തത മൂലം വിദ്യാർത്ഥികളാണ് ഏറെ വലയുന്നത്. മിക്കപ്പോഴും സ്കൂളിലെത്താൻ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കണം. നേരത്തെ കരുപ്പൂര് നെടുമങ്ങാട് റൂട്ടിൽ സ്വകാര്യ സർവീസുകൾ സജീവമായിരുന്നു. ഇടക്കാലത്ത് ഇത്തരം സർവീസുകളിൽ ഭൂരിഭാഗവും നിലച്ചു. ഇപ്പോൾ നാമമാത്രമായാണ് സർവീസ് നടത്തുന്നത്.

 യാത്രാക്ളേശം


വിതുര നെടുമങ്ങാട് റൂട്ടിൽ നിലവിൽ യാത്രാക്ളശം നിലനിൽക്കുകയാണ്. നിലവിൽ രാവിലെയും വൈകിട്ടുമാണ് യാത്രാപ്രശ്നമുള്ളത്. വൈകുന്നേരങ്ങളിൽ നെടുമങ്ങാട് നിന്ന് വിതുരയിലേക്കുള്ള ബസിൽ കയറണമെങ്കിൽ ഇടിയും തൊഴിയും കൊള്ളണം. വിതുര നെടുമങ്ങാട് റൂട്ടിൽ കൂടുതൽ സർവീസ് നടത്തണമെന്ന യാത്രക്കാരുടെ ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. നേരത്തെ ചെയിൻ സർവീസ് ആരംഭിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടപ്പോൾ നിറുത്തുകയായിരുന്നു. ഇപ്പോൾ സ്വകാര്യസർവീസുകളുമില്ല. യാത്രക്കാർ നട്ടം തിരിയുകയാണ്.

 നെടുമങ്ങാട് വിതുര,ആര്യനാട്, പാലോട് ഡിപ്പോകളിൽ നിന്ന് വിതുര-തൊളിക്കോട്- നെടുമങ്ങാട് റൂട്ടിൽ കൂടുതൽ ബസ് സർവീസ് ആരംഭിക്കണം. നിറുത്തലാക്കിയ ചെയിൻ സർവീസ് പുനഃരാരംഭിക്കണം.

ഷെമിഷംനാദ് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL