SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

പുഷ്പവൃഷ്ടിയും ആർപ്പുവിളിയും അനന്തപുരിയെ ഇളക്കിമറിച്ച് മോദി ഷോ

തിരുവനന്തപുരം: നിശ്ചയിച്ചതിലും രണ്ടര മണിക്കൂർ വൈകി,കത്തിനിന്ന സൂര്യൻ താഴ്ന്നെങ്കിലും ചൂടിന് കുറവില്ല.എന്നിട്ടും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ജനക്കൂട്ടം ഒരിഞ്ച് പിന്നോട്ട് പോയില്ല. കാത്തിരിപ്പിനൊടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാസ് എൻട്രി.തൂവെള്ള വസ്ത്രത്തിന് പുറത്ത് നീല കോട്ടും ധരിച്ച് തുറന്ന വാഹനത്തിൽ പ്രിയ നേതാവ് എത്തിയപ്പോൾ,പൂക്കൾ വിതറിയും മോദി...മോദിയെന്ന് താളത്തിൽ ആർപ്പുവിളിച്ചും പ്രവർത്തകർ വരവേറ്റു.

കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ തുറന്ന വാഹനത്തിൽ മോദിയുടെ റോഡ് ഷോ പൂർത്തിയാകാൻ 42മിനിട്ടെടുത്തു. സ്ഥാനാർത്ഥകളായ രാജീവ് ചന്ദ്രശേഖർ,വി.മുരളീധരൻ,ആർ.ശ്രീലേഖ,കരമന ജയൻ എന്നിവരും മോദിയ്ക്കൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു. തലസ്ഥാനത്തെ ഇളക്കിമറിച്ച മോദിയുടെ റോഡ് ഷോ പ്രവർത്തകരെ ആവേശത്തിലാക്കി.ഇന്നലെ വൈകിട്ട് 4ന് നിശ്ചയിച്ചിരുന്ന പരിപാടിയിൽ പങ്കെടുക്കാൻ മോദി തിരുവല്ലയിൽ നിന്നെത്തിയത് 6.30ന്. കിള്ളിപ്പാലം മുതൽ കരമന വരെ പ്രധാനമന്ത്രി തുറന്ന കാറിൽ പതിയെ നീങ്ങുന്നതിനൊപ്പം ആവശത്തോടെ ബാരിക്കേഡിനുള്ളിലൂടെ കരമന വരെ നടന്ന പ്രവർത്തകർ സമാനതകളില്ലാത്ത ആവേശം നിറച്ചു.

സമയം ഉച്ചയ്ക്ക് 1ന്:

കിള്ളിപ്പാലം കരമന റോ‌ഡിന്റെ ഇരുവശങ്ങളും പൊലീസ് നിയന്ത്റണത്തിലാക്കി.കടകളെല്ലാം പൂർണമായി അടച്ചു.വലിയ കെട്ടിടങ്ങൾക്ക് മുകളിൽ ഉൾപ്പെടെ പൊലീസ് നിലയുറപ്പിച്ചു.

2ന്:

ബാരിക്കേഡ് സ്ഥാപിച്ച് റോഡിന് ഇരുവശങ്ങളിലും കാണികൾക്ക് നിൽക്കാനുള്ള സ്ഥലം വേർതിരിച്ചു.പൊലീസിന്റെയും വിവിധ സേനകളുടെയും ഉദ്യോഗസ്ഥരെ കൂട്ടത്തോടെ വിന്യസിച്ചു.

3ന്:

വാഹനത്തിൽ ബി.ജെ.പിയുടെ കൊടിയും സംസ്ഥാന അദ്ധ്യക്ഷനും നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ചെറിയ കട്ട് ഔട്ടും വിവിധ പോയിന്റുകളിൽ പ്രവർത്തകർക്കായി എത്തിച്ചു.

4ന്:

പ്രവർത്തകരും നഗരവാസികളും ഉൾപ്പെടെ വൻജനാവലി കിള്ളിപ്പാലം മുതൽ കരമന വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡിന് സമീപമെത്തി കാത്തുനിന്നു.

5ന്:

പൂക്കളുമായി തുറന്ന വാഹനമെത്തി,കാത്തുന്നവരുടെ കൈകളിലേക്ക് മോദിയെ വരവേൽക്കാൻ ആവശ്യാനുസരണം പൂക്കൾ നൽകി.

5.30ന്:

മയിലാട്ടവും കരകാട്ടവും ഉൾപ്പെടെയുള്ള കലാരൂപങ്ങളും ബാൻഡും ശിങ്കാരിമേളങ്ങളും റോഡിന്റെ മറുവശത്തും കൊട്ടിക്കയറി.

6മുതൽ

മോദി ഉടനെത്തുമെന്ന അനൗൺസ്‌മെന്റുകൾ ആരംഭിച്ചു.

6.30ന്

കിള്ളിപ്പാലം ജംഗ്ഷനിൽ നരേന്ദ്ര മോദിയുടെ വാഹനവ്യൂഹമെത്തി.പൂക്കളാൽ അലങ്കരിച്ച തുറന്ന കാറിലേക്ക് മോദി കയറി,ഒപ്പം സ്ഥാനാർത്ഥികളും. താമര ചിഹ്നം പതിച്ച ലൈറ്റു വീശിയാണ് മോദിയും സ്ഥാനാർത്ഥികളും കാത്തുനിന്നവരെ അഭിവാദ്യം ചെയ്തത്.വാഹനം മെല്ലെ നീങ്ങി, മറുവശത്തെ റോഡിലൂടെ കലാരൂപങ്ങളും.

7.12ന്

റോഡ്ഷോ കരമനയിലെത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം സഹപ്രവർത്തകരോട് വിശേഷങ്ങൾ പങ്കുവച്ച് മോദി കാറിൽ കയറി,വാഹനവ്യൂഹം കരമനയിൽ നിന്ന് തിരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL