SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

നാവായിക്കുളത്ത് ഓളമില്ലാതെ കുളങ്ങൾ

kulam

കല്ലമ്പലം: വേനൽ കടുക്കുകയും കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെ നാവായിക്കുളം പഞ്ചായത്തിലെ പൊതുകുളങ്ങൾ നവീകരിക്കണമെന്ന ആവശ്യം ശക്തം.രണ്ട് വർഷത്തിന് മുൻപ് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തതോടെ പഞ്ചായത്തിലെ പല കുളങ്ങളും വേലികെട്ടി അടയ്ക്കുകയും കുളത്തിലിറങ്ങരുതെന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നു. തുടർന്ന് പായലും മാലിന്യവും നിറഞ്ഞ് കുളങ്ങൾ മലിനമായി.കൃത്യമായ ഇടവേളകളിൽ കുളങ്ങൾ വൃത്തിയാക്കി ക്ലോറിനേഷനും ചെയ്തില്ല.കുളങ്ങളും നീരുറവകളും ശരിയായ രീതിയിൽ സംരക്ഷിക്കപ്പെട്ടാൽ വേനൽ സമയത്ത് പഞ്ചായത്തിലെ ജല ദൗർലഭ്യത്തിന് പരിഹാരമാകും.എന്നാൽ പഞ്ചായത്തിന്റെ അനാസ്ഥയാണ് കുളങ്ങൾ നശിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

വൃത്തിഹീനമായി കുളങ്ങൾ

മുല്ലനല്ലൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തെ ഉപയോഗയോഗ്യമായിരുന്ന വലിയ കുളം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. നാവായിക്കുളം - മടവൂർ പഞ്ചായത്തുകളിലെ കർഷകർക്ക് ഉപയോഗപ്രദമായിരുന്ന കുളം നശിച്ചതിൽ കർഷകരുടെ പ്രതിഷേധം ശക്തമാണ്. 2016ൽ കുളത്തിന് സമീപത്തെ റോഡ് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് പാർശ്വഭിത്തി നിർമ്മിക്കുന്നതിനായി കുളത്തിലെ ചെളി മാറ്റിയിരുന്നു. എന്നാൽ പൂർണമായി വൃത്തിയാക്കിയിരുന്നില്ല.തുടർന്ന് നാട്ടുകാർ രണ്ടുമൂന്നു തവണ വൃത്തിയാക്കിയെങ്കിലും രോഗഭീതിയിൽ പിന്നീട് കുളത്തിലാരും ഇറങ്ങാതായി.അതോടെ കാടും പടർപ്പും വളർന്നിറങ്ങുകയും പായലും മാലിന്യവും നിറഞ്ഞ് കുളം നശിക്കുകയും ചെയ്തു.

ജലക്ഷാമം രൂക്ഷം

പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്. കുളം വൃത്തിയാക്കിയാൽ കാർഷിക - ഗാർഹികേതര ആവശ്യങ്ങൾക്ക് ഇതിലെ ജലം ഉപയോഗിക്കാൻ കഴിയും. ജലസേചന സംവിധാനം ഉണ്ടെങ്കിൽ പച്ചക്കറി കൃഷിക്കും ഉപയോഗിക്കാം. പഞ്ചായത്തിന്റെ അവഗണന മൂലം നിരവധി കുളങ്ങളാണ് ഇത്തരത്തിൽ നശിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL