SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.24 AM IST

കന്നിവോട്ടും അടിച്ചുമാറ്റി പലയിടത്തും കള്ളവോട്ട് ആരോപണം,മെഷീൻ തകരാർ

തിരുവനന്തപുരം: ജില്ലയിലെ വിവിധയിടങ്ങളിൽ കള്ളവോട്ട് പരാതി ഉയർന്നു.വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റൊരാൾ വോട്ട് ചെയ്ത് മടങ്ങിയെന്ന് അറിഞ്ഞ അമ്പരപ്പിലായിരുന്നു പലരും.

തിരുവനന്തപുരം,വട്ടിയൂർക്കാവ്,കഴക്കൂട്ടം മണ്ഡലങ്ങളിൽ സമാനമായ പ്രശ്നമുണ്ടായി.

വട്ടിയൂർക്കാവ് കാച്ചാണിയിൽ ബൂത്ത് നമ്പർ 60ൽ സജി എന്നയാളുടെ വോട്ട് മറ്റാരോ ചെയ്തെന്ന് പരാതി ഉയർന്നു. കഴക്കൂട്ടം ചേങ്കോട്ടുകോണം എൽ.പി സ്കൂളിലെ ബൂത്ത് നമ്പർ 206ൽ കള്ളവോട്ട് നടന്നെന്നും പരാതി ഉയർന്നു.വട്ടിയൂർക്കാവ് സിറ്റി സ്കൂൾ ബൂത്ത് നമ്പർ 202ലും കന്നിവോട്ട് ചെയ്യാനെത്തിയ സൗരവിന് വോട്ട് ചെയ്യാനായില്ല.ഇവിടെ കള്ളവോട്ട് നടന്നതായി യു.ഡി.എഫ് പരാതിപ്പെട്ടു.

കോവളം മണ്ഡലത്തിലെ കിടാരക്കുടി ഗവ.എൽ.പി.എസിലെ ബൂത്തിൽ വോട്ടിടാനെത്തിയ വനിതാ വോട്ടറുടെ വോട്ട് മറ്റാരോ ചെയ്തെന്നറിഞ്ഞതിനാൽ ടെൻഡർ വോട്ട് ചെയ്യാൻ അധികൃതർ അനുമതി നൽകിയെങ്കിലും തയാറാകാതെ ഇവർ മടങ്ങി.

തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ കന്നിവോട്ട് ചെയ്യാനെത്തിയ രണ്ടുപേരുടെ വോട്ട് മറ്റാരോ ചെയ്‌തു.ബീമാപള്ളി യു.പി സ്കൂളിലെ ബൂത്തുകളിലെത്തിയ രണ്ട് യുവതികളുടെ വോട്ടുകളാണ് മറ്റാരോ ചെയ്തുപോയത്.സംഭവം വിവാദമായതോടെ ഇവരെ ടെൻഡർ വോട്ട് ചെയ്യിപ്പിച്ചു.ബീമാപള്ളി സുനാമി കോളനിയിൽ താമസിക്കുന്ന 21 കാരി ഖദീജ,ഇതേ സ്ക്കൂളിലെ മറ്റൊരു ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ബീമാപള്ളി സ്വദേശിയായ നസീമ എന്നിവർക്കാണ് ടെൻഡർ വോട്ട് ചെയ്യേണ്ടി വന്നത്.

വിളപ്പിൽശാല നൂലിയോട് യു.പി സ്‌കൂളിൽ മോഹനൻ വോട്ട് ചെയ്യാനെത്തിയപ്പോൾ ഉദ്യോഗസ്ഥർ മാർക്ക് ചെയ്തത് മകൻ മനുവിന്റെ വോട്ട്.പിന്നീട് മനു വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരുടെ പിഴവ് മനസിലായത്.

മുക്കോലയിൽ ദൂരപരിധിക്കുള്ളിൽ സ്ഥിതിചെയ്യുന്ന ബൂത്ത് ഓഫീസ് മാറ്റാത്തതിനെ തുടർന്ന് തർക്കമുണ്ടായി.ഹാർബറിൽ ദൂരപരിധിയിൽ നിന്ന് വോട്ടു പിടിച്ചത് സംഘർഷാന്തരീഷമൊരുക്കി.

വൃദ്ധന്റെ വോട്ട്

അനുമതിയില്ലാതെ ചെയ്തെന്ന്

കാട്ടാക്കടയിൽ വൃദ്ധന്റെ വോട്ട് അങ്കണവാടി ഹെൽപ്പർ അനുമതിയില്ലാതെ ചെയ്തതായും പരാതിയുണ്ടായി. കാട്ടാക്കട സ്വദേശിയായ സത്യനെ സഹായിക്കാനെത്തിയ അങ്കണവാടി ഹെൽപ്പർ വോട്ട് ചെയ്തുവെന്നായിരുന്നു ആരോപണം.'കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ വന്ന തന്റെ വോട്ട് അരിവാളിന് ചെയ്‌തെന്ന് വൃദ്ധൻ പരാതിപ്പെട്ടു.സെന്റ് ആന്റണീസ് യുപി സ്‌കൂളിലെ 71-ാം നമ്പർ ബൂത്തിലായിരുന്നു സംഭവം.വോട്ടറുടെ പരാതിക്ക് പിന്നാലെ ബൂത്ത് പരിസരത്ത് യു.ഡി.എഫ് - എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.തുടർന്ന് പരാതിക്കാരൻ ടെൻഡർ വോട്ട് ചെയ്തു.


മെഷീനുകൾ തകരാറിലായി

വിവിധ ബൂത്തുകളിൽ മെഷീൻ തകരാറിലായത് വോട്ടിംഗ് തടസപ്പെടുത്തി.തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ പേട്ട ബോയ്സ് ഹൈസ്‌കൂളിലുള്ള 75 -ാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ രാവിലെ തകരാറിലായതുകാരണം ഒരു മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു.കാട്ടാക്കടയിൽ പി.ആർ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലും സമാന പ്രശ്നമുണ്ടായി.കാട്ടാക്കട പ്ലാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലും കാട്ടാക്കട കട്ടക്കോട് സെന്റ് ആന്റണീസ് യു.പി സ്കൂളിലും മെഷീൻ തകരാറായി.കാട്ടാക്കട നിയോജകമണ്ഡലത്തിലെ അന്തിയൂർക്കോണം ലിറ്റിൽ ഫ്ലവർ സ്കൂളിലെ ബൂത്തിലും പത്ത് മിനിറ്റോളം വോട്ടെടുപ്പ് തടസപ്പെട്ടു.119 -ാം നമ്പർ ബൂത്ത് അരമണിക്കൂർ വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്.
വിതുര പഞ്ചായത്തിലെ മരുതാമല ഗവ.സ്കൂളിലെ 32-ാം ബൂത്തിലെ മെഷീൻ തകരാറിലായതിനെ തുടർന്ന് രണ്ടുമണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു.രാവിലെ മോക് പോൾ നടത്തിയപ്പോൾ യന്ത്രം തകരാറിലാകുകയായിരുന്നു.തുടർന്ന് തകരാർ പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചെങ്കിലും വീണ്ടും കേടായി. തുടർന്ന് 9ഓടെയാണ് മെഷീൻ നന്നാക്കി വോട്ടെടുപ്പ് പുനഃരാരംഭിച്ചത്.പാറശാല നിയോജക മണ്ഡലത്തിൽ രണ്ടിടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായി.പാറശാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ 157-ാംബൂത്തിലും,കൊല്ലയിൽ പഞ്ചായത്തിലെ ധനുവച്ചപുരം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് രാവിലെ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായത്.പാറശാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ അര മണിക്കൂറോളവും ധനുവച്ചപുരം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു മണിക്കൂറും പോളിംഗ് തടസപ്പെട്ടു.

വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ

വൃദ്ധ കുഴഞ്ഞുവീണു

ഭർത്താവിനൊപ്പം ആഴാകുളത്തെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വൃദ്ധ കുഴഞ്ഞു വീണു.ഇന്നലെ ഉച്ചയോടെ ആഴാകുളം ബെത്‌ലഹേം സ്കൂളിലെ ബൂത്തിൽ ഭർത്താവ് സതികുമാറിനൊപ്പം വോട്ടിടാനെത്തിയ സിന്ധുവാണ് (മേഴ്‌സി,62) ബൂത്തിന് സമീപം കുഴഞ്ഞുവീണത്. ഉടൻ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപ്രതിയിലെത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL