SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

പാർക്കിംഗ് ഷെൽട്ടർ വേണം കാത്തിരിപ്പിൽ നാട്ടുകാർ

aa

വക്കം: അഞ്ചുതെങ്ങ് തീരദേശ മേഖലയിലെ ബസുകൾക്ക് പാർക്കിംഗ് ഷെൽട്ടർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുതലപ്പൊഴി മുതൽ നെടുങ്ങണ്ട വരെ നീണ്ടുകിടക്കുന്ന തീരദേശമേഖല കേന്ദ്രീകരിച്ചുള്ള ബസുകൾക്കാണ് പാർക്കിംഗ് ഷെൽട്ടർ സൗകര്യം വേണ്ടത്. നിലവിൽ അഞ്ചുതെങ്ങിൽ നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസ് സർവീസുകൾക്ക് പാർക്കിംഗ് സൗകര്യമില്ലാത്തത് ട്രിപ്പ്‌ മുടങ്ങുന്നതിന് കാരണമാകുന്നു. കഷ്ടിച്ച് ഒരു വലിയ വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന തീരദേശപാതയിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുക ദുഷ്കരമാണ്. അതിനാൽ ബസുകൾ സൗകര്യമുള്ള മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുകയാണ് പതിവ്. ഇവിടെ ആവശ്യത്തിന് ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ലാത്തത് കെ.എസ്.ആർ.ടി.സി ബസുകളിലെയടക്കം വനിതാ ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പലപ്പോഴും ബസ് ജീവനക്കാർ പ്രാഥമിക ആവശ്യങ്ങൾക്കായി സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

കൂടുതൽ സർവീസുകൾ തുടങ്ങും

നിലവിൽ,അഞ്ചുതെങ്ങ് വേങ്ങോട്,മുതലപ്പൊഴി - ആറ്റിങ്ങൽ,അഞ്ചുതെങ്ങ് - പൊഴിയൂർ,അഞ്ചുതെങ്ങ് - കാരേറ്റ് തുടങ്ങി അഞ്ചുതെങ്ങിൽ നിന്ന് ആരംഭിച്ച് അവസാനിക്കുന്ന നിരവധി സർവീസുകളാണുള്ളത്. ഇവയ്ക്ക് പുറമേ, തീരദേശ ഹൈവേയും വക്കം കടവ് പാലവും യാഥാർത്ഥ്യമാകുന്നതോടെ ഈ മേഖലയിലൂടെ അഞ്ചുതെങ്ങ് - കൊല്ലം ഹാർബർ,അഞ്ചുതെങ്ങ് - വക്കം,ആറ്റിങ്ങൽ,അഞ്ചുതെങ്ങ് - പൂത്തുറ - ചിറയിൻകീഴ് ആറ്റിങ്ങൽ,അഞ്ചുതെങ്ങ് - മുതലപ്പൊഴി - വിഴിഞ്ഞം തുടങ്ങി നിരവധി പുതിയ സർവീസുകൾ കൂടി ആരംഭിക്കും. ഈ സർവീസുകൾക്ക് അഞ്ചുതെങ്ങ് കേന്ദ്രമാക്കിയുള്ള പാർക്കിംഗ് ഷെൽട്ടർ സംവിധാനം വളരെയേറെ ഗുണകരമാകും.

ആവശ്യം ശക്തം

അഞ്ചുതെങ്ങിൽ യാത്ര അവസാനിപ്പിക്കേണ്ട മിക്ക സ്വകാര്യ ബസുകളും അസൗകര്യങ്ങളാൽ കടയ്ക്കാവൂരിൽ ട്രിപ്പ് അവസാനിപ്പിക്കുകയാണ് പതിവ്. അഞ്ചുതെങ്ങ് തീരദേശ മേഖലയിൽ പുനർഗേഹം പദ്ധതി വഴി സർക്കാർ കണ്ടുകെട്ടിയ ഭൂമിയിൽ ശുചിമുറി,വിശ്രമമുറി തുടങ്ങിയവ ഉൾപ്പെടെയുള്ള പാർക്കിംഗ് ഷെൽട്ടർ സ്ഥാപിക്കാമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

 പ്രതികരണം: അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് പാർക്കിംഗ് ഷെൽട്ടർ സ്ഥാപിച്ചാൽ തീരദേശ റോഡ് പ്രയോജനപ്പെടുത്തി കെ.എസ്.ആർ.ടി സിക്ക് കൂടുതൽ സർവീസ് ആരംഭിക്കാം. ഇതോടെ ബസ് ജീവനക്കാരുടെ ദുരിതം ഒഴിവാകും. ഇതുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

അഞ്ചുതെങ്ങ് സജൻ, ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL