SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

ജനജീവിതം ദുസ്സഹമാക്കി സിലിണ്ടർ പൂഴ്ത്തിവയ്പും വിലക്കയറ്റവും

നെടുമങ്ങാട്: പാചകവാതകക്ഷാമം മറയാക്കി ഗ്യാസ് സിലിണ്ടർ പൂഴ്ത്തിവയ്പും അനധികൃത വിലക്കയറ്റവും അരങ്ങു തകർക്കുന്നു. ഡെലിവറി സിലിണ്ടറുകൾ കൂടുതൽ തുക ഈടാക്കി മറിച്ചു വിൽപ്പന നടത്തുന്നതിനെ ചൊല്ലി ഗ്യാസ് ഏജൻസികളും ഉപഭോക്താക്കളും തമ്മിൽ പലയിടത്തും വാക്പോരുണ്ടാകുന്നുണ്ട്. മെസേജ് ലഭിക്കുന്ന മുറയ്ക്ക് പണവുമായി ഏജൻസി ഓഫീസിൽ എത്തുമ്പോൾ ബന്ധപ്പെട്ടവർ കൈമലർത്തുകയാണെന്ന് ഉപഭോക്താക്കൾ പറയുന്നു.ക്ഷാമം കണക്കിലെടുത്ത് അഞ്ചോ ആറോ ദിവസം കാത്തിരിക്കണമെന്നും പിന്നാലെ ലൈൻ വാഹനത്തിൽ നിന്ന് സിലിണ്ടർ ലഭിക്കുമെന്നാണ് ഗ്യാസ് ഏജൻസി ജീവനക്കാർ ഉപഭോക്താക്കളെ പറഞ്ഞു പറ്റിക്കുന്നത്.

കൂടിയ വിലയ്ക്ക് ഹോട്ടലുകൾക്കും മറ്റും സിലിണ്ടർ കൈമറിക്കുകയും യാഥാർത്ഥ ഉപഭോക്താവ് ദിവസങ്ങളോളം സിലിണ്ടറിനായി കാത്തിരിക്കുകയും വേണമെന്ന അവസ്ഥയാണ് പരക്കെയുള്ളത്. നെടുമങ്ങാട് താലൂക്കിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും പരാതി പ്രവാഹമാണ്.ഇതിനിടെ,ഹോട്ടലുകളും തട്ടുകടകളും ചായ ഉൾപ്പെടെ ആഹാരസാധനങ്ങൾക്ക് അന്യായമായി വില വർദ്ധിപ്പിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഭക്ഷണത്തിന് വിലയേറി

ചായ,ദോശ,അപ്പം,പെറോട്ട എന്നിവയ്ക്ക് പത്ത് രൂപയിൽ നിന്ന് 12 ആയി വിലകൂട്ടി. ചായയും ചെറുകടിയും 20 രൂപയ്ക്ക് കിട്ടിയിരുന്നത് ഇപ്പോൾ 24ആയി. ഊണിനും ചിക്കൻ വിഭവങ്ങൾക്കും തോന്നിയ പടിയാണ്.വിറക് വിലകൊടുത്ത് വാങ്ങിയാണ് ഹോട്ടൽ പ്രവർത്തിപ്പിക്കുന്നതെന്നാണ് ഇതിന് ഉടമകളുടെ വിശദീകരണം.ഒരു കിലോ വിറകിന് 10രൂപ കൊടുക്കണമെന്നും ഹോട്ടൽ അടച്ചിടാതെ മുന്നോട്ടു കൊണ്ടുപോകാൻ വില വർദ്ധനവല്ലാതെ പോംവഴിയില്ലെന്നുമാണ് നടത്തിപ്പുകാർ പറയുന്നത്.


വിറക് കിട്ടാൻ പ്രയാസമുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ മിക്കവാറും കടകളിൽ വിലനിലവാരത്തിൽ മാറ്റം വരുത്തിയിട്ടില്ല. വിറകിന് ക്ഷാമം അനുഭവപ്പെടാത്ത നെടുമങ്ങാട് മലയോര പഞ്ചായത്തുകളിലാണ് ഗ്യാസ് ക്ഷാമത്തിന്റെ പേരിലുള്ള അന്യായ വിലക്കയറ്റം.

പരാതികളേറെ

എന്നാൽ, പാചകവാതക വിതരണം ഇപ്പോൾ സാധാരണ നിലയിലാണെന്നും ഭക്ഷ്യവസ്തുക്കൾക്ക് വില ഉയർത്താൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് സംഘടനകൾ വിശദീകരിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്താനും അടിയന്തര നടപടികൾക്കുമായി താലൂക്ക് ആസ്ഥാനത്ത് വാർറൂമുകൾ തുറന്നിട്ടുണ്ടെങ്കിലും പ്രയോജനപ്പെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL