SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

തലത്തൂതക്കാവ് മേഖലയിൽ കാട്ടാനകൾ താണ്ഡവമാടുന്നു

വിതുര: വിതുര പഞ്ചായത്തിലെ മണലി വാർഡിലെ തലത്തൂതക്കാവ് മേഖലയിൽ കാട്ടാനകൾ വിലസുന്നു. സന്ധ്യമയങ്ങിയാൽ ശല്യം രൂക്ഷമാകും. ആഴ്ചകളായുള്ള അവസ്ഥയാണിത്. കൃഷികൾ മുഴുവൻ നശിപ്പിച്ചു. ഉപജീവനത്തിനായി ബാങ്കിൽ നിന്നും മറ്റും വായ്പയെടുത്താണ് കൃഷികൾ നടത്തിയിരുന്നത്. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്.

വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിനുള്ളിൽ കയറാൻ കഴിയാത്ത അവസ്ഥയാണ്. മേഖലയിൽ അനവധി പേരെ കാട്ടാനകൾ ആക്രമിച്ചിട്ടുണ്ട്. തലത്തൂതക്കാവ് ഗവൺമെന്റ് സ്കൂൾ പരിസരത്തും രാത്രികാലങ്ങളിൽ കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. രണ്ടുതവണ സ്കൂൾ മതിൽ തകർത്തു. സ്കൂൾ വളപ്പിലെ കൃഷികളും നശിപ്പിച്ചു. ആനശല്യത്തിന് തടയിടുന്നതിനായി പഞ്ചായത്ത് നിർമ്മിച്ച ചുറ്റുമതിലാണ് അടുത്തിടെ തകർത്തത്. തലത്തൂതക്കാവ് സ്കൂളിലെ സാമൂഹിക പഠനമുറിയിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾ ആനശല്യം മൂലം ബുദ്ധിമുട്ടിലാണ്.

കാട്ടുപോത്തും പന്നിയും കരടിയും മേഖലയിൽ ഭീതിയും നാശവും വിതക്കുന്നുണ്ട്. ആനശല്യത്തിന് തടയിടുന്നതിനായി മേഖലയിൽ ആനക്കിടങ്ങും വൈദ്യുതിവേലിയും നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വനംവകുപ്പിന് നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്.

വിതുര പഞ്ചായത്തിലെ മണലി വാർഡിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് പരിഹാരം കാണണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.

എസ്.എസ്.മഞ്ജു

മണലി വാർഡ് മെമ്പർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL