SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.43 AM IST

പ്രതീക്ഷയും നിരാശയും,​ മാറിമറിഞ്ഞ് ലീഡ് നില

തിരുവനന്തപുരം: രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങുമ്പോൾ നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിൽ മൂന്നു മുന്നണികളും പ്രതീക്ഷയിൽ തന്നെയായിരുന്നു. അരമണിക്കൂർ പിന്നിട്ടതോടെ ഫലസൂചന വന്നുതുടങ്ങി. ഇടതുകോട്ടകൾ ആടിയുലയുന്നതിന്റെ ലക്ഷണം വന്നതോടെ യു.ഡി.എഫ് ക്യാമ്പുകൾ ആഹ്ലാദത്തിലായി. പ്രതീക്ഷവച്ച മണ്ഡലങ്ങളിൽ വോട്ടുനില അനുകൂലമായതിന്റെ ആത്മവിശ്വാസം എൻ.ഡി.എയ്ക്കും ഉണ്ടായിരുന്നു. കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നതിന്റെ ആഘാതത്തിലായിരുന്നു ഇടതുപ്രവർത്തകർ.
ആദ്യ മണിക്കൂർ പിന്നിട്ടതോടെ പല മണ്ഡലങ്ങളിലെയും ലീഡ് നില മാറിമറിഞ്ഞു. ഉറച്ച വിജയപ്രതീക്ഷ വച്ചുപുലർത്തിയ വട്ടിയൂർക്കാവും ചിറയിൻകീഴും വാമനപുരവും ഒടുവിൽ കഴക്കൂട്ടവും നഷ്ടപ്പെടുന്നത് ഇടതുപക്ഷത്തെ നിരാശരാക്കി. യു.ഡി.എഫിന്റെ വിജയക്കുതിപ്പിന് ജില്ലയിൽ കൂടുതൽ സീറ്റുകൾ സംഭാവനചെയ്യാൻ കഴിഞ്ഞെന്ന ആഹ്ലാദത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ.

നേമത്തെ 'ഇരട്ടപ്പൂട്ടിട്ട് പൂട്ടിയ അക്കൗണ്ട് ' തുറന്നതിനൊപ്പം കഴക്കൂട്ടത്തെ അട്ടിമറി വിജയം എൻ.ഡി.എക്ക് ഇരട്ടിമധുരമായി. വിജയം ഉറപ്പിച്ച് വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയ ഇടതു പ്രവർത്തകരുടെ മടക്കം നിരാശയോടെയായിരുന്നു.

ആവേശം, ​പ്രവചനാതീതം


രാവിലെ 11ഓടെ ആറ്റിങ്ങൽ,വർക്കല,കഴക്കൂട്ടം,അരുവിക്കര,പാറശാല,നെയ്യാറ്റിൻകര,നെടുമങ്ങാട്,ചിറയിൻകീഴ് മണ്ഡലങ്ങളിൽ എൽ.ഡി.എഫിനും വാമനപുരം,വട്ടിയൂർക്കാവ്,കാട്ടാക്കട,കോവളം,തിരുവനന്തപുരം മണ്ഡലങ്ങളിൽ യു.ഡി.എഫിനും നേമത്ത് എൻ.ഡി.എക്കുമായിരുന്നു ലീഡ്.

പിന്നീടുള്ള മണിക്കൂറുകളിൽ വട്ടിയൂർക്കാവ്,ചിറയിൻകീഴ്,നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ ലീഡ്‌നില മാറിമറിഞ്ഞു. ഓരോ റൗണ്ട് പിന്നിടുമ്പോഴും ഫലസൂചനകൾ പ്രവചനാതീതമായി. ആറ്റിങ്ങലിൽ ഒ.എസ്.അംബിക,വർക്കലയിൽ വി.ജോയി,നേമത്ത് രാജീവ് ചന്ദ്രശേഖർ,വാമനപുരത്ത് സുധീർഷാ,നെടുമങ്ങാട് ജി.ആർ.അനിൽ,തിരുവനന്തപുരത്ത് സി.പി.ജോൺ,കോവളത്ത് എം.വിൻസെന്റ്,കാട്ടാക്കടയിൽ എം.ആർ.ബൈജു,പാറശാലയിൽ സി.കെ. ഹരീന്ദ്രൻ എന്നിവർക്ക് തുടക്കത്തിലേ മുന്നേറ്റം നിലനിറുത്താനായി.

അരുവിക്കരയിൽ വി.എസ്.ശിവകുമാർ ഏറെനേരം മുന്നിലെത്തിയെങ്കിലും അവസാന റൗണ്ടുകളിൽ സ്റ്റീഫൻ ലീഡിലേക്കെത്തി. നെയ്യാറ്റിൻകരയിൽ ആദ്യറൗണ്ടുകളിൽ മുന്നേറ്റം തുടർന്ന കെ.ആൻസലനെ പിന്തള്ളി അവസാന റൗണ്ടിൽ എൻ.ശക്തൻ വിജയിച്ചു. വട്ടിയൂർക്കാവിൽ വിജയസൂചന നൽകുന്ന ലീഡ് പ്രശാന്തിനുണ്ടായെങ്കിലും അവസാന റൗണ്ടുകളിലെ വോട്ടുകൾ കെ.മുരളീധരനെ വിജയത്തിലേക്ക് എത്തിച്ചു. ചിറയിൻകീഴിൽ ആദ്യമണിക്കൂറിൽ യു.ഡി.എഫിലെ രമ്യ ഹരിദാസിനായിരുന്നു ലീഡ്. പിന്നീട് സി.പി.ഐയിലെ മനോജ് ബി.ഇടമന ലീഡ് ഉയർത്തിയെങ്കിലും ഉച്ചകഴിഞ്ഞതോടെ രമ്യ വീണ്ടും ലീഡുനേടി വിജയം തൊട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL