SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.24 AM IST

വാഴക്കുല വെട്ടാൻ പോയ കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്

vijayan

കല്ലമ്പലം: കുടവൂരിൽ വാഴക്കുല വെട്ടാൻ പോയ കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. കുടവൂർ കുന്നുംപുറത്ത് പുത്തൻ വീട്ടിൽ വിജയനാണ്(58) പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന കുടവൂര്‍ സ്വദേശി ബാബു അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്ച വൈകിട്ട് 5ഓടെയായിരുന്നു സംഭവം.വാഴക്കുല വെട്ടാനായി ഇരുവരും നടന്നുപോകവേ ചാന്നാരുകോണത്തിന് സമീപം എതിർ ദിശയിൽ നിന്ന് പാഞ്ഞുവന്ന കാട്ടുപന്നി ഇരുവരെയും കുത്തി വീഴ്ത്തുകയായിരുന്നു.പന്നിയുടെ തേറ്റകൊണ്ടുള്ള കുത്തേറ്റ് കാലിന് പരിക്കേറ്റ വിജയൻ പള്ളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒപ്പമുണ്ടായിരുന്ന ബാബു നിലത്തുവീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കാട്ടുപന്നി ശല്യം രൂക്ഷമായതോടെ നാവായിക്കുളം പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തീരുമാനിക്കുകയും രണ്ടുമാസം മുമ്പ് ഷൂട്ടർമാരെത്തി 5 പന്നികളെ വെടിവെച്ച് കൊല്ലുകയും ചെയ്തു. തുടർന്ന് വരും ദിവസങ്ങളിൽ കൂടുതൽ ഷൂട്ടർമാരെത്തി പഞ്ചായത്തിലെ മുഴുവൻ കാട്ടുപന്നികളെയും ഉന്മൂലനം ചെയ്യുമെന്ന് പ്രസിഡന്റ് ജിഹാദ് ഉറപ്പ് നൽയിരുന്നെങ്കിലും പാലിച്ചില്ല. പഞ്ചായത്തിലെ 24 വാർഡുകളിലായി അയ്യായിരത്തോളം പന്നികളുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. വ്യാപകമായ കൃഷി നാശവും കാട്ടുപന്നികളുടെ ആക്രമണവും വർദ്ധിച്ചതോടെ ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് പഞ്ചായത്തിൽ ലഭിച്ചത്.

പന്നിയെ വെടിവെയ്ക്കുന്നതിനും സംസ്ക്കരിക്കുന്നതിനുമായി ഭീമമായ തുക ചിലവാകുമെന്നിരിക്കെ നാട്ടുകാർക്കും കൃഷിയ്ക്കും ഭീഷണിയായ കാട്ടുപന്നികളെ കൊല്ലാൻ ജനങ്ങൾക്ക് തന്നെ അനുമതി നൽകിയാൽ ചുരുങ്ങിയ കാലയളവിൽ തന്നെ കാട്ടുപന്നികൾ ഇല്ലാതാകുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. ഇതിന് വേണ്ടിയുള്ള നിയമാനുമതിയ്ക്കായി പഞ്ചായത്തധികൃതർ ഇടപെടണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL