SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

മഴക്കാലത്ത് ക്ഷീരമേഖലയ്ക്ക് പ്രത്യേക കരുതലൊരുക്കാം

പാലോട്: ഗ്രാമീണ സാമ്പത്തിക മേഖലയുടെ നെടുംതൂണായ പശുവളർത്തലിൽ വിജയക്കൊടി ചാർത്തിയ മലയോരത്തെ ക്ഷീരകർഷകർക്ക് മഴക്കാലത്ത് പ്രത്യേക കരുതലൊരുക്കണം.വാമനപുരം നദിയെ പ്രയോജനപ്പെടുത്തി നിരവധി പേരാണ് കാലിവളർത്തലിലുള്ളത്. പാൽ ലഭ്യത കണക്കിലെടുത്ത് സങ്കരയിനം പശുക്കളെയാണ് കർഷകർ വളർത്തുന്നത്.കൃത്യമായ പരിചരണം ലഭ്യമായതിനാൽ മികച്ച പാലുത്പാദനമാണ് ഉണ്ടായിരുന്നത്.രണ്ടോ മൂന്നോ പശുക്കളുള്ള കർഷകരാണ് ഗ്രാമങ്ങളിൽ കൂടുതലും. ഇവരുടെ ഉപജീവനമാർഗം കൂടിയാണ് കാലിവളർത്തൽ.

മഴക്കാലം ശക്തമായതോടെ കാലികളുടെ രോഗപ്രതിരോധശേഷി കുറയുന്നതായാണ് കണ്ടുവരുന്നത്. അകിടു വീക്കം,മുടന്തൻ പനി,വയറിളക്കം,ദഹനക്കേട്,ശ്വാസകോശ രോഗങ്ങൾ,പൂപ്പൽ വിഷബാധ തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്നത്.

വേനൽ കഴിഞ്ഞ് മഴക്കാലമെത്തുന്നതോടെ കിളിർത്ത് വരുന്ന പച്ചപ്പുല്ല് ധാരാളമായി നൽകുന്നത് വയറിളക്ക സാദ്ധ്യത വർദ്ധിപ്പിക്കും. ആദ്യം കുറച്ച് നൽകുക, ക്രമേണ അളവ് കൂട്ടുകയാണ് പരിഹാരം.

പൂപ്പൽ വിഷബാധ ശ്രദ്ധിക്കണം

കാലാവസ്ഥ മാറ്റമുണ്ടാകുമ്പോൾ കാലിത്തീറ്റ,പിണ്ണാക്ക്,വൈക്കോൽ എന്നിവയിൽ പൂപ്പൽ ബാധ ഉണ്ടാകാറുണ്ട്. അസ്പർ ജില്ലസ് ഇനത്തിൽപ്പെട്ട പൂപ്പലുണ്ടാക്കുന്ന അഫ്ലോടോക്സിൻ എന്ന വിഷാംശമാണ് പൂപ്പൽ വിഷബാധക്ക് കാരണം.

ലക്ഷണങ്ങൾ

തീറ്റക്ക് രുചിക്കുറവ്,ശരീരം ക്ഷയിക്കൽ,പാലുത്പാദനം കുറവ്,ഗർഭമലസൽ,വന്ധ്യത എന്നിവയാണ് ലക്ഷണങ്ങൾ.

പരിഹാരം

വിഷാംശം കരളിനെ ബാധിച്ചാൽ കാലികൾ പെട്ടെന്ന് ചത്തുപോകാറുണ്ട്. പരിഹാരമായി കലിത്തീറ്റ നൽകുന്ന പാത്രം ദിവസേന വൃത്തിയാക്കണം.

തീറ്റ ചാക്കുകൾ പലക പുറത്ത് ഭിത്തിയിൽ തട്ടാതെ വയ്ക്കണം. നനവ് ഒഴിവാക്കണം.

കടലപിണ്ണാക്കിൽ പൂപ്പൽ ബാധ കൂടുതലാകുന്ന സാഹചര്യത്തിൽ മഴക്കാലങ്ങളിൽ ഒഴിവാക്കുകയാണ് അഭികാമ്യം

അകിടുവീക്കം: സങ്കരയിനം പശുക്കളിൽ കണ്ടുവരുന്നു. അകിടിന് നീര്,പനി,പാലിന് നിറവ്യത്യാസം, തീറ്റമടുപ്പ്,നടക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. അകിടുവീക്കം ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറുടെ സേവനം തേടണം.

മുടന്തൻ പനി: മഴക്കാലത്ത് കന്നുകാലികളിൽ കണ്ടുവരുന്ന സാംക്രമിക രോഗമാണ്. ശക്തിയായ പനി, തീറ്റമടുപ്പ്,ശരീരം വിറയൽ,നടക്കാൻ ബുദ്ധിമുട്ട് എന്നിയുണ്ടാകും. ഈച്ചയാണ് രോഗം പകർത്തുന്നത്. രോഗലക്ഷണങ്ങൾ മൂന്ന് ദിവസത്തോളം നീണ്ടു നിൽക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL