SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

30 ലക്ഷത്തിന്റെ പദ്ധതിയുമായി നായപ്രേമികൾ 30 സെന്റിൽ തെരുവുനായ വന്ധ്യംകരണ കേന്ദ്രം വരുന്നു

street-dog

 പണിയുന്നത് നെടുമങ്ങാട് കല്ലിയോട്

തിരുവനന്തപുരം: സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾക്കും വെല്ലുവിളിയായ തെരുവ്നായ വന്ധ്യംകരണം നടപ്പാക്കാനൊരുങ്ങി,തലസ്ഥാനത്തെ മൃഗസ്‌നേഹികളുടെ കൂട്ടായ്മയായ സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ.അനിമൽ വെൽഫെയർ ബോർഡ് നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുള്ള കേന്ദ്രമാണ് നിർമ്മിക്കുന്നത്.ഇതിനായി നെടുമങ്ങാട് കല്ലിയോട് ജനവാസമില്ലാത്ത സ്ഥലത്ത് 30 സെന്റ് സ്ഥലം പത്തുലക്ഷം രൂപയ്ക്ക് വാങ്ങി.കെട്ടിടം പണിത് അനുബന്ധ സൗകര്യങ്ങളൊരുക്കാൻ 20ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൃഗസ്നേഹികളിൽ നിന്ന് പണം സമാഹരിച്ചാണ് സാമൂഹ്യപ്രതിബദ്ധതയോടെ പദ്ധതി നടപ്പാക്കുന്നത്. ഈമാസം 14ന് ജില്ലാ കളക്ടർ അനുകുമാരി തറക്കല്ലിടും.

വന്ധ്യംകരണ കേന്ദ്രത്തിനുള്ള മാനദണ്ഡങ്ങൾ കേന്ദ്രം കടുപ്പിച്ചതോടെ സംസ്ഥാനത്ത് തെരുവ് നായ വന്ധ്യംകരണം നിലച്ച അവസ്ഥയിലാണ്.എ.സി മുറികൾ,പ്രത്യേക കൂടുകൾ,ഓപ്പറേഷൻ തിയേറ്റർ,സ്റ്റോർ റൂമും ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളുണ്ടെങ്കിൽ മാത്രമേ വന്ധ്യംകരണ കേന്ദ്രങ്ങൾക്ക് അനുമതി ലഭിക്കൂ.വിഴിഞ്ഞത്ത് വാടകക്കെട്ടിടത്തിൽ 2013 മുതൽ പ്രവർത്തിക്കുന്ന സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷന്റെ വന്ധ്യംകരണ കേന്ദ്രത്തിനും ഇതോടെ അനുമതി നഷ്ടമായിരുന്നു. വാടകക്കെട്ടിടത്തിൽ ഇത്രയധികം സൗകര്യങ്ങൾ ഒരുക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് സ്വന്തമായി സ്ഥലം വാങ്ങി കേന്ദ്രം പണിയാൻ തീരുമാനിച്ചത്.തദ്ദേശസ്ഥാപനങ്ങൾ പോലും ഈ രംഗത്ത് മുന്നോട്ടുപോകാൻ കഴിയാതെ നിൽക്കുമ്പോഴാണ് സന്നദ്ധസംഘടന വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി,കാഞ്ഞിരംകുളം,മലയിൻകീഴ് പഞ്ചായത്തുകളിലും, സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ വന്ധ്യംകരണ പദ്ധതിയേറ്റെടുത്ത് നടപ്പാക്കിയിരുന്നു.

പ്രതിമാസം 120 കേസുകൾ

ആഴ്ചയിൽ 30നായ്ക്കളെ വീതം മാസത്തിൽ 120 വന്ധ്യംകരണം പൂർത്തിയാക്കാനുള്ള കേന്ദ്രമാണ് പണിയുന്നത്.ഇതോടെ ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ തെരുവ്നായ വന്ധ്യംകരണ പദ്ധതി സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ ഏറ്റെടുക്കാനാകും. നിലവിൽ അസോസിയേഷന്റെ നേതൃത്വത്തിൽ മാസത്തിൽ ശരാശരി 12 നായ്ക്കളെ പിടിച്ച് ആശുപത്രികളിലെത്തിച്ച് വന്ധ്യംകരണം നടത്തുന്നുണ്ട്.

സൗജന്യ ക്ലിനിക്കും

വന്ധ്യംകരണ കേന്ദ്രത്തിനൊപ്പം ക്ലിനിക്കും സജ്ജമാക്കും

പരിക്കേൽക്കുന്ന തെരുവ് നായ്ക്കൾക്കും പൂച്ചകൾക്കും സൗജന്യ ചികിത്സ നൽകും.

ഇവയ്ക്ക് കിടത്തി ചികിത്സയും ഉറപ്പാക്കും

വന്ധ്യംകരണത്തിന് വിധേയമാക്കുന്ന നായ്ക്കളെ അഞ്ച് ദിവസം പാർപ്പിക്കാനുള്ള സൗകര്യവുമുണ്ട്

തെരുവ്നായ വന്ധ്യംകരണം മുടങ്ങാതെ നടന്നാൽ മാത്രമേ തെരുവ്നായ പ്രശ്നം പരിഹരിക്കാനാകൂ. നിലവിൽ തെരുവ്നായ പെരുകുമ്പോൾ മാത്രമാണ് നമ്മൾ അതേക്കുറിച്ച് ചിന്തിക്കുന്നത്. ഇക്കാര്യത്തിൽ സമഗ്രമായ ഇടപെടൽ ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്രം പണിയുന്നത്.

-അരുൺ

സെക്രട്ടറി, സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL