
നേമം : കല്ലിയൂർ പഞ്ചായത്തിൽ പല ദിവസങ്ങളിലും ആഴ്ചയിൽ ഒരിക്കലാണ് കുടിവെള്ളം കിട്ടുക. നാല് സോണായി തിരിച്ചതിൽ നാല് ദിനത്തിൽ ഒരിക്കൽ ഒരു പ്രദേശത്ത് വെള്ളമെത്തും. രണ്ട് സോൺ സമീപത്തെ വെങ്ങാനൂർ പഞ്ചായത്തിലാണ്. അതിനാൽ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ് ഇരുപഞ്ചായത്തിലെയും ആയിരക്കണക്കിന് ജനങ്ങൾ. വെള്ളായണി കായലിലെ ശുദ്ധജല പദ്ധതിയിൽ നിന്നും കല്ലിയൂർ കാണിക്ക കുറ്റിയിൽ വാട്ടർ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള പത്ത് ലക്ഷം ലിറ്റർ ടാങ്കിൽ നിന്നുമാണ് ഇവിടേക്ക് വെള്ളമെത്തുന്നത്. വെങ്ങാനൂർ പഞ്ചായത്ത് സ്ഥലം അനുവദിച്ചാൽ ജല അതോറിറ്റി പുതിയ ഒരു ടാങ്ക് പണിത് ശുദ്ധജല വിതരണപദ്ധതി ആരംഭിച്ചാൽ രണ്ട് പഞ്ചായത്തിന്റെയും ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകും. കൂടാതെ കല്ലിയൂരിലെ ടാങ്കിൽ നിന്നും വീടുകളിലേക്ക് വെള്ളമെത്തിക്കുന്ന ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളുടെ വ്യാസവും കുറവാണ്. പഴയ പൈപ്പിൽ ചോർച്ചയുമുണ്ട്. അതിനാൽ വിചാരിക്കുന്ന ശക്തിയിലല്ല വെള്ളമെത്തുന്നതെന്നാണ് ആറാലുംമൂട് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ വിഷ്ണുവിന്റെ അഭിപ്രായം.
വെങ്ങാനൂരിലെ പുതിയ കുടിവെള്ള പദ്ധതി സംബന്ധിച്ച കരട് റിപ്പോർട്ട് ജല അതോറിറ്റി ആസ്ഥാനത്തുള്ളതായാണ് സൂചന. കല്ലിയൂർ പഞ്ചായത്തിലെ കുടിവെള്ള പദ്ധതികൾക്ക് പുതിയ ഭരണാധികാരികൾ കൂടുതൽ ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു.
ഉടൻ ടെൻഡർ !
കല്ലിയൂരിലെ പൈപ്പ് ലൈനുകളുടെ വ്യാസം കുറവാണെന്ന് ആറാലുംമൂട് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ വിഷ്ണു കേരളകൗമുദിയോട് പറഞ്ഞു. അത് മാറ്റി പുതിയത് സ്ഥാപിക്കാൻ നാലര കോടിയുടെ എസ്റ്റിമേറ്റ് പാസാക്കിയിട്ടുണ്ട്. ടെൻഡർ നടപടിയുടെ കാലതാമസമേ ഉള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |