തിരുവനന്തപുരം: കടുത്ത വേനലിന് ശേഷം വേനൽമഴ ആരംഭിച്ചതോടെ ജില്ലയിൽ പല ഭാഗത്തും മുണ്ടിനീര് പടരുന്നതായി റിപ്പോർട്ട്. വായുവിലൂടെ അതിവേഗം പടരുന്ന വൈറസ് രോഗമായതിനാൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ ചൊലുത്തമമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വരണ്ട കാലാവസ്ഥയും തൊട്ടുപിന്നാലെയുള്ള മഴയും രോഗം പെട്ടെന്ന് പടരാൻ സാദ്ധ്യതയുണ്ട്. കൗമാരക്കാർക്കും മുതിർന്നവർക്കും പ്രതിരോധശേഷി കൂടുതലായതിനാൽ രോഗബാധ കുറവായിരിക്കും. എന്നാൽ കുട്ടികളിൽ രോഗബാധയുടെ തോത് ഏറും.
ലക്ഷണങ്ങൾ
വൈറസ് ബാധിച്ചാൽ 5 മുതൽ 7 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. താടിയെല്ലിന് താഴെ മുഖത്തിന്റെ ഇരുവശത്തുമുള്ള വീക്കമാണ് പ്രധാന ലക്ഷണം. ആദ്യമായി രോഗം വരുന്നവർക്ക് രണ്ട് വശത്തും വീക്കമുണ്ടാകാം.
എന്നാൽ രണ്ടാമതും വരികയാണെങ്കിൽ 'പറോടൈറ്റിസ്' എന്ന പറോട്ടിഡ് ഗ്ലാന്റ് ഇൻഫക്ഷനാണ്. ഇത് സാധാരണയായി മുഖത്തിന്റെ ഒരു വശത്ത് മാത്രമേ കാണാറുള്ളു.ലക്ഷണങ്ങളെല്ലാം ഒരുപോലെതന്നെ. ഏകദേശം രണ്ടാഴ്ച കൊണ്ട് രോഗം പൂർണമായും ഭേദമാകും.
വാക്സിനേഷൻ പ്രധാനം
കുട്ടികൾക്ക് നൽകുന്ന വാക്സിനിലൂടെ ഈ രോഗത്തെ ഒരു പരിധിവരെ തടയാം. മുമ്പ് മീസിൽസ്,മംപ്സ്,റുബല്ല എന്നിവയ്ക്കായി എം.എം.ആർ വാക്സിനായിരുന്നു നൽകിയിരുന്നത്. ഇപ്പോൾ സർക്കാർ ആശുപത്രികളിൽ എം.ആർ(മീസിൽസ് റുബല്ല)വാക്സിനാണ് നൽകുന്നത്. കുട്ടികളിൽ 9-ാം മാസം മുതൽ 12-ാം മാസം വരെയുള്ള കാലയളവിലും ഒന്നര വയസ്സിലുമാണ് വാക്സിൻ നൽകേണ്ടത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
# വായ വൃത്തിയായി സൂക്ഷിക്കുക. രണ്ടുനേരം പല്ല് തേയ്ക്കുക.
# രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
# പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക
ഭയപ്പെടാതെ മുൻകരുതൽ എടുക്കുക. കുട്ടികൾക്ക് കൃത്യമായി വാക്സിൻ നൽകുക
ഡോ.മൊയ്ദീൻ കെ.പി
അസി.സർജൻ,ഫാമിലി ഹെൽത്ത് സെന്റർ,തിരുന്നാവായ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |