SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

മഞ്ചാടിമൂട് ബൈപാസ് റോഡിൽ മാലിന്യ നിക്ഷേപവും കൈയേറ്റവും

photo

ചിറയിൻകീഴ്: അനധികൃത കച്ചവടവും അരികിലെ മാലിന്യക്കൂമ്പാരവും മൂലം ശ്വാസം മുട്ടുകയാണ് ശാർക്കര - മഞ്ചാടിമൂട് ബൈപാസ് റോഡിലെ യാത്രക്കാർ. ചിറയിൻകീഴിലെ പ്രധാന റോഡുകളിലൊന്നായ ബൈപാസിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. ചിറയിൻകീഴിലെ റെയിൽവേ ഗേറ്റുകൾ കടന്നുള്ള യാത്രാക്ലേശം പരിഹരിക്കാനാണ് ബൈപാസ് നിർമ്മിച്ചത്.വശങ്ങൾ കൈയേറി നിരവധി താത്കാലിക തട്ടുകടകളുണ്ട്. പുറമേ അങ്ങോളമിങ്ങോളം നിരവധി താത്കാലിക കച്ചവടക്കാരും.ശാർക്കര ബൈപാസ് ജംഗ്ഷനിലും അനധികൃത കച്ചവടക്കാരേറെയാണ്. ഒരു വർഷം മുമ്പാണ് അപകടത്തിന് കാരണമാകുമെന്നതിനാൽ പൊതുമരാമത്ത് വിഭാഗം ഇടപെട്ട് റോഡ് കൈയേറിയ കച്ചവടക്കാരെ ഒഴിപ്പിച്ചത്. എന്നാൽ ഇപ്പോൾ അതെല്ലാം പഴയപടിയായി.ശാർക്കര റെയിൽവേ ഗേറ്റിന് സമീപമായതിനാൽ ബൈപാസ് ജംഗ്ഷനിൽ കുരുക്ക് പതിവാണ്. കൈയേറ്റങ്ങളും വാഹനങ്ങളുടെ അനധികൃത പാർക്കിംഗും കൂടിയാകുമ്പോൾ കുരുക്ക് പിന്നെ അഴിയാക്കുരുക്കാകും. വാഹനങ്ങളുടെ ദിശ തിരിച്ചുവിടുന്നതിന് ഒരു ഡിവൈഡർ പോലും ഇവിടെയില്ല. ഈ റോഡരികിലാണ് ബിവറേജ് കോർപ്പറേഷന്റെ മദ്യശാല പ്രവർ‌ത്തിക്കുന്നത്.

മാലിന്യമുണ്ട് നിറയെ

ബൈപാസ് റോഡരികിൽ മാലിന്യങ്ങൾ കൂടിക്കൂടി വരികയാണ്. റെയിൽവേ ട്രാക്കിനോട് ചേർന്ന ഭാഗത്താണ് കൂടുതൽ നിക്ഷേപം. രാത്രിയിൽ മാലിന്യക്കവർ നിക്ഷേപിച്ച് മുങ്ങുന്നവരും കുറവല്ല. കച്ചവടക്കാരുടെയും വഴിവാണിഭക്കാരുടെയും ശാർക്കര ക്ഷേത്രപറമ്പിലെ കച്ചവടക്കാരുടെയും ഖരമാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി ഇവിടം മാറി. റോഡിലേക്ക് ചാഞ്ഞിറങ്ങി ബൈപാസിന്റെ മഞ്ചാടിമൂട് ഭാഗത്ത് കുറ്റിച്ചെടികളുമുണ്ട്. തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ് ഇവിടം. കൂടാതെ ഇഴജന്തുക്കളെക്കുറിച്ചുള്ള ഭീതിയും ഉയരുന്നു. എല്ലാറ്റിലും മേലെ തെരുവ് ലൈറ്റുകളുടെ അഭാവവുമുള്ളതിനാൽ ആശങ്കയിലാണ് യാത്രികർ.

കാത്തിരിക്കാം, ആവോളം വെയിലിൽ

ബൈപാസ് പൂർത്തിയായപ്പോൾ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പിലായില്ല. മഴയും വെയിലുമേറ്റ് വേണം ഇവിടെ കാത്തിരിക്കാൻ. ജംഗ്ഷനിൽ കടത്തിണ്ണകളെയാണ് വെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷപ്പെടാൻ യാത്രക്കാർ ആശ്രയിക്കുന്നത്.

 അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും മാലിന്യം നിക്ഷേപിക്കുന്നവർക്കുമെതിതെ കർശന നടപടികളെടുക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ശ്രദ്ധയുണ്ടാകണം.വി.പ്രചോധനൻ,ഹിന്ദു ഐക്യവേദി ചിറയിൻകീഴ് താലൂക്ക് ജനറൽ സെക്രട്ടറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL