SignIn
Kerala Kaumudi Online
Monday, 18 May 2026 11.21 PM IST

കടയ്ക്കാവൂർ റെയിൽവേസ്റ്റേഷനെ ഗൗനിക്കാതെ ബസ്‌യാത്ര

കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ഓവർബ്രിഡ്ജിന് താഴെ സ്വകാര്യബസുകൾ സർവീസ് നടത്തണമെന്ന ആവശ്യം ശക്തം. ബസ്റൂട്ടിൽ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്റ്റേഷനെ ഒഴിവാക്കി ഓവർബ്രിഡ്ജിന് മുകളിലൂടെ പോകുന്നതാണ് പതിവ്. ഇത് റെയിൽവേ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. നിരവധിപേർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാത്തിരിപ്പ് കേന്ദ്രമില്ല എന്നുള്ളതാണ് മറ്റൊരു അപാകത. ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർ കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ വെയിലും മഴയും കൊണ്ടാണ് നിൽക്കുന്നത്. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ സീറോ പോയിന്റ് ബസ് സ്റ്റോപ്പാണ്. കാത്തിരിപ്പ് കേന്ദ്രം വരുന്നതോടെ റെയിൽവേ യാത്രക്കാരുൾപ്പെടെയുള്ള സമീപവാസികൾക്കും പ്രയോജനമാകും. കാത്തിരിപ്പ് കേന്ദ്രം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും മറ്റ് അധികൃതർക്കും നിരവധി നിവേദനങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ അധികൃതരിൽ നിന്നും യാതൊരു നടപടിയുമുണ്ടായില്ലെന്ന് യാത്രക്കാർ പറയുന്നു.

യാത്രക്കാരെ അവഗണിക്കുന്നു

വർക്കല- ചിറയിൻകീഴ് ബസുകൾ റെയിൽവേ യാത്രക്കാരെ അവഗണിച്ച് ചെക്കാലവിളാകം വഴി ചിറയിൻകീഴിലേക്ക് പോവുകയാണ് പതിവ്. ആറ്റിങ്ങലിൽ നിന്ന് കടയ്ക്കാവൂർ വഴി ചിറയിൻകീഴിലേക്കും വർക്കലയ്ക്കും പോകുന്ന ബസുകൾ സ്റ്റേഷനിൽ വരാതെ പോവുന്നതിന് കാരണം കാത്തിരിപ്പ് കേന്ദമില്ലാത്തതാണ്. ''അടുത്തകാലം വരെ ബസുകൾ റെയിൽവേ സ്റ്റേഷൻ ഗ്രൗണ്ടിൽ പാർക്കിംഗിൽ വന്ന് വിശ്രമിച്ച് പോകാറായിരുന്നു പതിവ്. ടൂറിസ്റ്റ് ബസുകൾ ഈ സ്ഥലം കെെയടക്കിയതോടെ സ്വകാര്യബസുകൾ ഈ ഭാഗത്തേക്ക് വരാതായി.

പരാതികൾ കാറ്റിൽപ്പറത്തി

കടയ്ക്കാവൂർ സർവീസുളള എല്ലാ ബസുകളും റെയിൽവേസ്റ്റേഷനിൽ വന്ന് പോകണമെന്നാണ്. പക്ഷെ സർവീസുകാർ ഇത് ഗൗനിക്കാറില്ല. ഇതു സംബന്ധിച്ച് യാത്രക്കാർ പരാതികൾ ആർ.ടി.ഒയ്ക്കും ഗതാഗതമന്ത്രിക്കുമടക്കം നൽകിയിട്ടും ഫലംകണ്ടില്ല. അടിയന്തരമായി കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL