തിരുവനന്തപുരം: തിരുവനന്തപുരം: വി.ഡി.എസ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾ ഒഴുകിയെത്തിയതോടെ നഗരം ആഘോഷത്തിമിർപ്പിലായി. ഹോട്ടൽ റൂമുകളിലെല്ലാം ദിവസങ്ങൾക്ക് മുമ്പേ നിറഞ്ഞിരുന്നു. തിരഞ്ഞടുപ്പിന് മുമ്പ് തുടങ്ങിയ ആലസ്യം മാറി വ്യാപാര മേഖല ഉഷാറായി. ഭക്ഷണ ശാലകൾ,ജ്യൂസ് കടകൾ,ബേക്കറികൾ തുടങ്ങിയ വിവിധ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു ഏറ്റവുമധികം തിരക്ക്. വടക്കൻ ജില്ലകളിൽ നിന്നും വാഹനങ്ങളിലെത്തിയവർ പദ്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തി. ചിലർ കോവളവും ശംഖുമുഖവും സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. ഇന്നലെ രാവിലെ 6 മുതൽ വൈകിട്ട് 4 വരെ നഗരത്തിൽ പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും തിരക്ക് നിയന്ത്രിക്കാനായില്ല. എയർപോർട്ട് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള റോഡുകളിൽ വൻ തിരക്കായിരുന്നു. സർക്കാർ ഓഫീസുകളിലേക്ക് പോകാനെത്തിയവർ വൈകിയാണ് ഓഫീസിലെത്തിയത്.
ആഘോഷമാക്കി യു.ഡി.എഫ് പ്രവർത്തകർ
വി.ഡി.സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പത്ത് വർഷത്തിനുശേഷമുള്ള യു.ഡി.എഫ് തിരിച്ചുവരവിന്റെ ആഘോഷമാക്കി മാറ്റി പ്രവർത്തകർ. സത്യപ്രതിജ്ഞ നടന്ന സെൻട്രൽ സ്‌റ്റേഡിയവും പരിസരവും ജനങ്ങളാൽ നിറഞ്ഞു. പൊലീസ് തിരക്ക് നിയന്ത്രിക്കാൻ നന്നേ ബുദ്ധിമുട്ടി. വി.വി.ഐ.പികൾ പങ്കെടുക്കുന്നതിനാൽ കനത്ത സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിരുന്നത്.
നൂറുകണക്കിന് പ്രവർത്തകർ തലേദിവസം തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നു ബസിലും ട്രെയിനിലുമായി ആയിരക്കണക്കിന് പ്രവർത്തകരാണ് ഇന്നലെ രാവിലെ നഗരത്തിലേക്ക് എത്തിയത്. ബസുകൾ ബുക്ക് ചെയ്തും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നു പ്രവർത്തകരെത്തി. ജനങ്ങൾ ഒഴുകിയെത്തിയതോടെ പലപ്പോഴും പൊലീസിന്റെ നിയന്ത്രണങ്ങൾ പാളി. കന്റോൺമെന്റ് സ്‌റ്റേഷന് സമീപമുള്ള ഗേറ്റ് വി.ഐ.പി പാസുള്ളവർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമായി ഒഴിച്ചിട്ടിരുന്നതാണെങ്കിലും തിരക്ക് കനത്തതോടെ ക്രമീകരണം പാളി. പാസില്ലാത്തവർ പോലും ഈ ഗേറ്റിന് മുന്നിൽ തിക്കിത്തിരക്കി. പൊലീസ് വലയം ഭേദിച്ച് ജനങ്ങൾ അകത്തു കടന്നു.
നിയുക്ത എംഎൽഎമാരും പ്രമുഖ പാർട്ടി നേതാക്കളും അകത്തു കയറാൻ ബുദ്ധിമുട്ടി. പ്രവാസികളായ നിരവധി പേരാണ് വിദേശങ്ങളിൽ നിന്നും എത്തിയത്. മലപ്പുറം, കോഴിക്കോട് ജില്ലക്കാരായ പ്രവാസികൾ എത്തിയത്. മിക്കവരും നാട്ടിലെത്തി വോട്ട് ചെയ്തവരാണ്. നിയുക്ത മുഖ്യമന്ത്രി, മന്ത്രിമാർ, വിശിഷ്ടാതിഥികൾ എന്നിവർക്ക് സെക്രട്ടേറിയറ്റ് അനക്സിന് സമീപമുള്ള ഗേറ്റുവഴിയാണ് പ്രവേശനം ഒരുക്കിയിരുന്നത്. ഈ വഴിയിൽ ജനങ്ങൾ നിറഞ്ഞതോടെ വി.വി.ഐ.പി വാഹനങ്ങൾ സ്‌റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിടാൻ പൊലീസ് ബുദ്ധിമുട്ടി.
റോഡിൽ നിറഞ്ഞ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കൊടികൾ വീശിയും പോപ്പർ ബ്ളാസ്റ്റുകൾ പൊട്ടിച്ചുമാണ് സർക്കാരിന്റെ വരവ് ആഘോഷിച്ചത്. സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ, ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ എന്നിവയുടെ പ്രവർത്തകർ കന്റോൺമെന്റ് ഗേറ്റു മുതൽ നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേതാക്കൾക്കും അഭിവാദ്യമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |