SignIn
Kerala Kaumudi Online
Thursday, 16 July 2026 3.33 AM IST

പാലോട്, പെരിങ്ങമ്മല മേഖലകളിൽ തെരുവുനായ് ശല്യം രൂക്ഷം

പാലോട്: ഗ്രാമീണ മേഖലയിലെ പ്രധാന ജംഗ്ഷനുകളിലും, ജനവാസ മേഖലകളിലും തെരുവുനായ്ക്കൂട്ടം ശല്യമാകുന്നു. പെരിങ്ങമ്മല ജംഗ്ഷൻ, ആശുപത്രി കോമ്പൗണ്ട്, കുശവൂർ, തെന്നൂർ, കോളേജ് ജംഗ്ഷൻ, പാലോട് ആശുപത്രി ജംഗ്ഷൻ, ആശുപത്രി, നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ, പച്ച ശാസ്ത ക്ഷേത്ര പരിസരം, ഓട്ടുപാലം, പച്ച, കാലൻകാവ്, പൊട്ടൻചിറ, വട്ടപ്പൻകാട്, പ്ലാവറ, ആലുമ്മൂട് എന്നിവിടങ്ങളിലാണ് തെരുവ് നായശല്യം കൂടുതലായുള്ളത്. രാത്രിയായാൽ തെരുവ്നായ്ക്കൂട്ടം കൂടുതൽ ആക്രമണകാരികളാകും.

കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. ഫാമുകളിൽ നിന്ന് ശേഖരിക്കുന്ന വേസ്റ്റുകൾ പൊതുനിരത്തിൽ തള്ളുന്നതിനാൽ മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യം നിയന്ത്രിക്കാനാകാത്ത സാഹചര്യമാണ്. വളർത്തുമൃഗങ്ങളെയും ഇവ ആക്രമിക്കാറുണ്ട്. നഗരത്തിൽ നിന്നു പിടികൂടിയ നായ്ക്കളെ ഗ്രാമീണ ജനവാസ മേഖലയിൽ കൊണ്ടുതള്ളുന്നതായും ആക്ഷേപമുണ്ട്.

ഒഴിഞ്ഞ പറമ്പുകൾ, പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾ, ഇടവഴികൾ തുടങ്ങിയ ഇടങ്ങളാണ് പ്രധാന താവളം. പാലോട് ആശുപത്രി പരിസരത്ത് രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ നിൽക്കാനാകാത്ത അവസ്ഥയാണ്.

ഷെൽറ്റർ യാഥാർത്യമായില്ല

വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നായ്ക്കൾക്കായി ഷെൽറ്റർ ഒരുക്കുന്നതിനായി കണ്ടെത്തിയത് പാങ്ങോട് പഞ്ചായത്തിലാണ്. ഒരേക്കർ സ്ഥലമാണ് പദ്ധതി നടത്തിപ്പിനായി വേണ്ടത്. പ്രഖ്യാപനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുപോലും ത്രിതല പഞ്ചായത്ത് ഭരണസമിതികൾക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ ഓരോ പഞ്ചായത്തും നിശ്ചിത തുക ഈ പദ്ധതിയിലേക്കായി നൽകണമെന്ന നിർദേശം സർക്കാർ നൽകിയിട്ടും പഞ്ചായത്തധികാരികൾ നടപടിയെടുത്തിട്ടില്ല.

പ്രതിസന്ധിയായി മാലിന്യം

മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ഇറച്ചിക്കടകളും ഹോട്ടലുകളുമാണ് പ്രധാന പ്രതിസന്ധിയാകുന്നത്. ഇവർ പൊതുനിരത്തിൽ തള്ളുന്ന മാലിന്യങ്ങൾ ഭക്ഷിക്കാനെത്തുള്ള നായ്ക്കളാണ് കൂടുതൽ ആക്രമണകാരികളാകുന്നത്. ഇത്തരം കടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറായാൽ ഒരുപരിധിവരെ തെരുവുനായ് ശല്യം ഒഴിവാക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL