
വിഴിഞ്ഞം: അവധിക്കാലത്തിന്റെ ആലസ്യം തീർക്കാൻ അവസാന ഞായറാഴ്ച കോവളം വിനോദസഞ്ചാര തീരത്ത് വൻതിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ തകർത്തു പെയ്ത മഴയെ വകവയ്ക്കാതെയാണ് കുട്ടികളുമൊത്ത് കുടുംബസമേതം സഞ്ചാരികൾ കോവളം തീരത്തെത്തിയത്. സ്വദേശികൾക്കൊപ്പം ഉത്തരേന്ത്യൻ സഞ്ചാരികളും തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളും ഉണ്ടായിരുന്നു. സഞ്ചാരികളെ നിയന്ത്രിക്കാൻ ലൈഫ് ഗാർഡുകൾ പാടുപെട്ടു. മണിക്കൂറുകളോളം തീരത്ത് ആർത്തുല്ലസിച്ച കുട്ടികൾ വേനലവധിക്കാലം നന്നായി ആസ്വദിച്ചു.
തിരക്ക് മുൻകൂട്ടിക്കണ്ട് കോവളത്ത് വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നു.17 ഓളം ലൈഫ് ഗാർഡുകളാണ് കോവളത്തെ ബീച്ചുകളിൽ ഇന്നലെ ഉണ്ടായിരുന്നത്. ടൂറിസം പൊലീസുമുണ്ടായിരുന്നു. ഇന്നലെ മഴ മാറി നിന്നതും സഞ്ചാരികൾക്ക് ആശ്വാസമായി.
വിദേശികൾ സെപ്തംബറിലെത്തും
അടുത്ത ടൂറിസം സീസണായ സെപ്തംബറോടെ വിദേശ വിനോദസഞ്ചാരികൾ കോവളത്തെത്തും. ആദ്യം എത്തുന്നത് റഷ്യൻ സഞ്ചാരികളായിരിക്കും. ആയുർവേദ ചികിത്സയ്ക്കായാണ് പതിവായി റഷ്യൻ സഞ്ചാരികളെത്തുന്നത്. മറ്റ് വിദേശ സഞ്ചാരികളുമെത്തുന്നതോടെ കോവളത്തെ ഹോട്ടൽ, റസ്‌റ്റോറന്റ് മേഖലകൾ സജീവമാകും.
അസൗകര്യങ്ങളേറെ....
കടൽക്കുളിയിലേർപ്പെടുന്ന സ്ത്രീകൾക്കുൾപ്പെടെ വസ്ത്രം മാറുന്നതിനും പ്രാഥമികാവശ്യത്തിനുമുള്ള സൗകര്യങ്ങളില്ലെന്ന പരാതിയുണ്ട്. കൂടാതെ ലൈഫ് ഗാർഡുകൾക്കുളള സൗകര്യങ്ങളും പരിമിതമാണ്.
വിഴിഞ്ഞത്ത് കുട്ടിക്കളി
ഇന്നലെ സന്ധ്യയാകുംവരെയും കുട്ടികൾക്ക് ഗ്രൗണ്ട് വിട്ടുപോകാൻ മടിയായിരുന്നു.വിഴിഞ്ഞം മത്സ്യബന്ധന തീരത്തിനു സമീപത്തെ ഗ്രൗണ്ടിൽ രാവിലെ മുതൽ ബാറ്റും പന്തുമായി കുട്ടിക്കൂട്ടങ്ങൾ കളിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |