വിതുര: പ്രതികൂലകാലാവസ്ഥയെ അവഗണിച്ച് മദ്ധ്യവേനലവധിക്കാലത്തിന്റെ അവസാനദിനം ആഘോഷിക്കുന്നതിനും പൊൻമുടിയുടെ സൗന്ദര്യം നുകരുന്നതിനുമായി ഔഴുകിയെത്തിയത് ആയിരങ്ങൾ. കുട്ടികളടങ്ങുന്ന നിരവധി കുടുംബങ്ങളാണ് കഴിഞ്ഞദിവസം പൊൻമുടിയിലെത്തിയത്.
ഞായറാഴ്ചയാണ് പൊൻമുടിയിൽ ഈ സീസണിലെ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടത്. തിരക്ക് രാത്രി വരെ നീണ്ടു. സഞ്ചാരികൾ മഴയിലും മൂടൽ മഞ്ഞിലും മുങ്ങിക്കുളിച്ചു. വഴിമദ്ധ്യേ കാട്ടാനകളും ഉണ്ടായിരുന്നു. അപ്പർസാനിറ്റോറിയം മുതൽ കമ്പിമൂട് വാഹനങ്ങളാൽ നിറഞ്ഞു.
വാഹനപെരുക്കം മൂലം കല്ലാർ പൊൻമുടി റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. തിരക്ക് മൂലം അനവധി സഞ്ചാരികൾ മടങ്ങി പോയി. വനംവകുപ്പിന് പാസ് ഇനത്തിൽ ലക്ഷങ്ങളുടെ വരുമാനമാണ് ലഭിച്ചത്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക്
പൊൻമുടിക്ക് പുറമേ കല്ലാർ, മീൻമുട്ടി വെള്ളച്ചാട്ടം, പേപ്പാറ, ബോണക്കാട്, ചാത്തൻകോട് എന്നീ ടൂറിസം മേഖലകളിലും ആയിരങ്ങളെത്തി. ഞായറാഴ്ച മാത്രം ഒരു ലക്ഷത്തോളം സഞ്ചാരികൾ വിതുര മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ബസുകൾ നിറഞ്ഞ് കവിഞ്ഞു
പൊൻമുടിയിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് മുൻനിർത്തി കെ.എസ്.ആർ.ടി.സി വിതുര, നെടുമങ്ങാട്, പാലോട് ഡിപ്പോകളിൽ നിന്നും കൂടുതൽ സർവീസുകൾ നടത്തി. കൂടാതെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായും അനവധി സർവീസുകൾ ഉണ്ടായിരുന്നു. ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനവും ലഭിച്ചു. ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് മൂലം സഞ്ചാരികൾ മണിക്കൂറുകളോളം പൊൻമുടിയിൽ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |