SignIn
Kerala Kaumudi Online
Monday, 08 June 2026 2.43 AM IST

നാലുവരിപ്പാത നിർമ്മാണം: കരകുളത്തെ ഇടറോഡുകളിൽ കുരുക്ക്

photo

നെടുമങ്ങാട്: വഴയില-പഴകുറ്റി നാലുവരിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കരകുളത്ത് റോഡ് അടച്ചതോടെ സമാന്തരമായി യാത്രക്കാർ ആശ്രയിക്കുന്ന ഇടറോഡുകളിൽ തിരക്കേറുന്നു. രാപകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും പൊടിപറത്തി പായുകയാണ്. പൊട്ടിപ്പൊളിഞ്ഞു തകർന്നടിഞ്ഞ റോഡുകളിൽ അപകടം പതിവാണ്.

കരകുളം പാലം ജംഗ്ഷനിൽ നിന്ന് കെൽട്രോൺ ജംഗ്ഷനിൽ ഇറങ്ങുന്ന തൈപ്പിലാമൂട്-തമ്പുരാൻനട റോഡിലൂടെ നടന്നു പോകാൻ കഴിയാത്ത വിധത്തിലാണ്. കുത്തനെയുള്ള കയറ്റിറക്കങ്ങളും വീതിക്കുറവും റോഡിന്റെ തകർച്ചയും വാഹനാപകടങ്ങൾക്ക് വഴിയൊരുക്കുന്നു. അയണിക്കാട് - തമ്പുരാൻ റോഡിന്റെ സ്ഥിതിയും വിഭിന്നമല്ല. ഈ രണ്ടു റോഡുകളും മെയിൻ റോഡിൽ എത്തിച്ചേരാനുള്ള എളുപ്പ വഴികളാണ്. കുടുസ് റോഡുകളിൽ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും കാറും ഉൾപ്പെടെയുള്ളവ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.

പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ അപകടങ്ങളും

പല വാഹനങ്ങളും പകുതി വഴിയിൽ അപകടത്തിൽപ്പെടും. ഈ സമയങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല.അപകടത്തിൽപ്പെടുന്ന വാഹനങ്ങളെ വളരെ ബുദ്ധിമുട്ടിയാണ് നീക്കുന്നത്. ആംബുലൻസ് ഉൾപ്പെടെയുള്ള ആവശ്യ സർവീസുകൾ എത്താത്തതിനാൽ രക്ഷാപ്രവർത്തനം നാട്ടുകാരുടെ ഉത്തരവാദിത്വമാകും.

അഗാധമായ ഗർത്തങ്ങളാണ് റോഡുകളിൽ രൂപപ്പെട്ടിട്ടുള്ളത്. മഴക്കാലമായതോടെ റോഡുകൾ ചെളിക്കളമായതും അപകടങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.ഓടകൾ ഇല്ലാത്തതിനാൽ റോഡിന്റെ മദ്ധ്യഭാഗത്തു കൂടിയാണ് വെള്ളം കുത്തിയൊലിക്കുന്നത്.

പഴിചാരി പഞ്ചായത്ത്

കരകുളം പഞ്ചായത്തിന്റെ ഉടമസ്ഥതയിലും നിർമ്മാണ ചുമതലയിലും ഉൾപ്പെട്ട റോഡുകളാണ് രണ്ടും. പരാതികൾ പ്രവഹിച്ചിട്ടും റോഡ് മെയിന്റനൻസിന് പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്. നാലുവരിപ്പാത സർക്കാർ പ്രോജക്ടാണെന്നും അനുബന്ധ യാത്രാസൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്.

ശോച്യാവസ്ഥ പരിഹരിക്കണം

വഴയില്ല -പഴകുറ്റി നാലുവരി പാതയുടെയും കരകുളത്തെ ഫ്ളൈഓവറിന്റെയും നിർമ്മാണം പൂർത്തിയാകാൻ ഇനിയും മാസങ്ങളെടുക്കും. സമാന്തര ഇട റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണമെന്നും ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്തോഫീസിന് മുന്നിൽ ശക്തമായ ജനകീയ സമരം ആരംഭിക്കുമെന്നും നാട്ടുകാർ പറയുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL