തിരുവനന്തപുരം: കർക്കടക വാവുബലി തർപ്പണത്തിന് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ഇത്തവണ മുതൽ സ്‌പെഷ്യൽ പാസ് സംവിധാനമുണ്ടാകില്ല.വിതരണം ചെയ്യുന്ന സ്‌പെഷ്യൽ പാസുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടർന്നാണ് ഇത് ഒഴിവാക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
ഇത്തവണ മുതൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തും.ബലിതർപ്പണത്തിനുള്ള ടിക്കറ്റുകൾ ആഗസ്റ്റ് ആദ്യ ആഴ്ച മുതൽ ഓൺലൈൻ വഴി ബുക്ക് ചെയ്യാം.ഓൺലൈൻ ബുക്കിംഗിന് പുറമെ തിരുവല്ലം ക്ഷേത്രത്തിലും നഗരത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന ക്ഷേത്രങ്ങളിലും ടിക്കറ്റുകൾ നേരിട്ടെത്തി മുൻകൂട്ടി ബുക്ക് ചെയ്യാനാകും.നൂറ് രൂപയാണ് ബലിതർപ്പണത്തിനുള്ള നിരക്ക്.
കഴിഞ്ഞ വർഷം പാസിന്റെ പേരിൽ വലിയ തട്ടിപ്പ് നടന്നതായി ദേവസ്വം ബോർഡ് കണ്ടെത്തിയിരുന്നു.സ്‌പെഷ്യൽ പാസുകൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ നിന്ന് വൻതോതിൽ പാസുകൾ വാങ്ങിയശേഷം,ആവശ്യക്കാർക്ക് ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്നതായി ബോർഡ് കണ്ടെത്തി.തമിഴ്നാട്ടിൽ നിന്നും വരുന്നവർക്കാണ് ഇങ്ങനെ പാസുകൾ മറിച്ചുവിറ്റത്. തിരുവല്ലം ജംഗ്ഷനിൽ നിന്നും ഇത്തരത്തിൽ ടിക്കറ്റ് വിറ്റവരെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പിടികൂടുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് സ്‌പെഷ്യൽ പാസുകൾ ഒഴിവാക്കാൻ തീരുമാനമെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |