
പൂവാർ: കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ ജീപ്പുകൾ പണിമുടക്കിയതോടെ കേസ് അന്വേഷണം പ്രതിസന്ധിയിലാകുന്നു. നെല്ലിമൂട് ജംഗ്ഷനിൽ കഴിഞ്ഞദിവസം വൃദ്ധന് നേരെയുണ്ടായ ആക്രമണം വിളിച്ചുപറഞ്ഞപ്പോൾ പൊലീസിന് സ്ഥലത്തെത്താൻ നിർവാഹമില്ലെന്ന മറുപടിയാണ് ലഭിച്ചത്. സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. പുതിയ ജീപ്പ് സർവീസ് നടത്താൻ പണമില്ലെന്നാണ് ജീവനക്കാർ പറയുന്നത്. സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിലായിട്ടും പരിഹാരിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പൊലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനായി വാങ്ങിയ നൽകിയ ബൊലേറോ ജീപ്പുകൾ ഷെഡുകളിൽ ഒതുങ്ങിയതോടെയാണ് പ്രതിസന്ധിയായത്. നിശ്ചിത കിലോമീറ്റർ ഓടിച്ചതിന് ശേഷം ആദ്യ സർവീസിന് ഫണ്ട് അനുവദിക്കാത്തതിനാൽ വാഹനം ഷെഡുകളിൽ ഒതുക്കിയിട്ടിട്ട് മാസങ്ങളായി.
കട്ടപ്പുറത്തായി ബൊലേറോ ജീപ്പുകൾ
സേനയ്ക്ക് പുതിയതായെത്തിയ വാഹനങ്ങളിൽ കൂടുതലും ബൊലേറോ ജീപ്പുകളാണ്. ഇതിന്റെ ആദ്യ സർവീസിനായി 12,000രൂപയാണ് വേണ്ടത്.സർക്കാർ ഫണ്ട് അനുവദിക്കാതായതോടെ ഓട്ടം മുടങ്ങി. പതിനായിരം കിലോമീറ്റർ ഓടി കഴിഞ്ഞാൽ ചെയ്യേണ്ട ഓയിൽ സർവീസ് ഉൾപ്പെടെയാണ് മുടങ്ങിയത്. കഴിഞ്ഞ ജനുവരിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന പൊലീസ് സേനയുടെ കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടംഘട്ടമായി മാറ്റുന്നതിന്റെ ഭാഗമായി 172 ബൊലേറോ ജീപ്പുകൾ വാങ്ങിയത്. ഇതിൽ 86 ബൊലേറോ വാഹനങ്ങൾ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് അനുവദിച്ചു.
സംഭവസ്ഥലങ്ങൾ സമയബന്ധിതമായി
സന്ദർശിക്കാനാകുന്നില്ല
കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലേക്കായി അനുവദിച്ച ബോലേറോ ജീപ്പ് കഴിഞ്ഞ ഒരു മാസത്തിലധികമായി ഒതുക്കിയിട്ടിരിക്കുകയാണ്. പകരത്തിന് പഴയ ജീപ്പ് അനുവദിച്ചെങ്കിലും ഒരാഴ്ച്ചക്കുള്ളിൽ അതുംപണിമുടക്കി. മിക്ക സ്‌റ്റേഷനുകളിലും സി.ഐക്കും എസ്.ഐക്കും സഞ്ചരിക്കാൻ ഒരു ജീപ്പാണുള്ളത്. പെട്ടെന്നുണ്ടാകുന്ന സംഭവങ്ങൾ,പട്രോളിംഗ്,കേസ് അന്വേഷണം,പിടിക്കപ്പെടുന്ന പ്രതികളെ കോടതയിൽ ഹാജരാക്കൽ തുടങ്ങിയ ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നില്ല.വാഹനം സർവീസ് ചെയ്യുന്നതിന് ഉദ്യോഗസ്ഥർ കൈയിൽ നിന്നും പണം മുടക്കേണ്ട അവസ്ഥയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |