SignIn
Kerala Kaumudi Online
Thursday, 11 June 2026 4.35 AM IST

ബി.ജെ.പി കൗൺസിലർ സുഗതൻ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: വധശ്രമക്കേസിൽ പൊലീസ് അറസ്റ്റുചെയ്ത വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ കരുതൽ

തടങ്കലിൽ. കാപ്പ നിയമം ചുമത്തിയതിനാൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കാണ് ഇയാളെ മാറ്റിയത്. കാപ്പ അപ്പീൽ കമ്മിറ്റി ജാമ്യം അനുവദിച്ചില്ലെങ്കിൽ ഒരു വർഷംവരെ തടങ്കലിൽ കഴിയേണ്ടിവരും.

വട്ടിയൂർക്കാവ് സ്‌റ്റേഷനിൽ മാത്രം രണ്ട് വധശ്രമം ഉൾപ്പെടെ ഏഴുകേസുകളിൽ സുഗതൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളെക്കടവ് കടയിൽമുടുമ്പ് ക്ഷേത്രത്തിൽ സി.പി.എം പ്രവർത്തകരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാളെ വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് സുഗതനെതിരെ വധശ്രമം ചുമത്തിയത്. പിന്നാലെ ഇയാൾ ഒളിവിലായി. ഫോൺ സ്വിച്ച് ഓഫായിരുന്നു. കേസിലെ മൂന്നുപ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ സുഗതൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങി കീഴ്‌ക്കോടതിയിൽ നിന്ന് ജാമ്യം തേടാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

അഞ്ച് ദിവസത്തിനകം കീഴടങ്ങാനാണ് സമയം അനുവദിച്ചത്. ഈ സമയപരിധി കഴിഞ്ഞ ഏഴിന് അവസാനിച്ചു. സുഗതൻ കീഴടങ്ങാതെ ആരോഗ്യകാരണം ചൂണ്ടിക്കാട്ടി സമയം നീട്ടിച്ചോദിച്ച് കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ കോടതി തീരുമാനമെടുത്തിട്ടില്ല. ഇതിനിടെയാണ് ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ അറസ്റ്റ് തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. തുടർന്നാണ് വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വിപിൻ ആകാശത്തേക്ക് വെടിവച്ചത്. അറസ്റ്റിനിടെ പൊലീസുകാരെ മർദ്ദിച്ചതിന് മറ്റൊരു കേസുകൂടി സുഗതനെതിരെ രജിസ്റ്റർ ചെയ്തു. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ,എസ്‌.ഐ എന്നിവരെ സുഗതൻ കഴുത്തിന് പിടിച്ചുതള്ളി, സുഗതനും കൂട്ടരും എസ്‌.ഐയെ മതിലിൽ ചേർത്തുനിർത്തി മർദ്ദിച്ചു, പ്രതികൾ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നിങ്ങനെയാണ് പൊലീസ് എഫ്‌.ഐ.ആറിലുള്ളത്. സുഗതന്റെ അനുജൻ സന്ദീപ് കേസിൽ രണ്ടാം പ്രതിയാണ്.

സുഗതനെ വലയിലാക്കിയ പൊലീസ് നീക്കം

വധശ്രമക്കേസിൽ സുഗതൻ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ രഹസ്യമായി പൊലീസ് കരുതൽ തടങ്കലിനുള്ള നീക്കം നടത്തി. സുഗതൻ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും പൊതുസമാധാനം തകർക്കുന്നയാളെന്നും കരുതൽ തടങ്കലിൽ പാർപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് മാർച്ചിൽ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ മാസം എട്ടിന് കളക്ടർ റിപ്പോർട്ട് അംഗീകരിച്ച് കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കാൻ ഉത്തരവിട്ടു. ഇതിന്റെ ബലത്തിലാണ് പൊലീസ് ഏതുവിധേനയും സുഗതനെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി 9.30ഓടെ വീടിന്റെ പരിസരത്ത് ഇയാളുടെ മൊബൈൽ ഓണായെന്ന് മനസിലാക്കിയ പൊലീസ് ഉടൻ സ്ഥലത്തെത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL