വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും രാവിലെ 7.30ന് തൊളിക്കോട്, നെടുമങ്ങാട് വഴി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ സർവീസ് ഓർഡിനറി ബസാക്കിയതായി പരാതി. ഇടയ്ക്കിടയ്ക്ക് ഫാസ്റ്റായും ഓടുന്നുണ്ട്. സർവീസ് ആരംഭിച്ച കാലം മുതൽ രണ്ടാഴ്ചമുൻപ് വരെ ഫാസ്റ്റ് ബസാണ് ഓടിയിരുന്നത്. നിറയെ യാത്രക്കാരുമായാണ് ഡിപ്പോയിൽനിന്നും പുറപ്പെടുന്നത്.
വൈകിട്ട് 5.20ന് തിരുവനന്തപുരത്ത് നിന്നും വിതുരയിലേക്ക് മടങ്ങുന്നതും സൂചികുത്തുവാനിടമില്ലാത്ത അവസ്ഥയിലാണ്. യാത്രക്കാർക്ക് ഏറെ അനുഗ്രഹമായി മികച്ച കളക്ഷനുമായാണ് ഫാസ്റ്റ് സർവീസ് ഓടിയിരുന്നത്. ലോക്കൽ സർവീസാക്കിയതോടെ നിശ്ചിതസമയത്ത് തിരുവനന്തപുരത്തും, മെഡിക്കൽകോളജിലും എത്തുവാൻ കഴിയാത്ത അവസ്ഥയിലാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു. തിരുവനന്തപുരത്തും മറ്റും ജോലിക്ക് പോകുന്നവരും, ആശുപത്രിയിലേക്കും പോകുന്ന ധാരാളം യാത്രക്കാർ ഈ സർവീസിനെയാണ് ആശ്രയിച്ചിരുന്നത്.
കൂടുതൽ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകൾ അനുവദിക്കണം
വിതുര ഡിപ്പോക്ക് സർവീസ് നടത്തുവാൻ വേണ്ടത്ര ബസുകളില്ലാത്ത അവസ്ഥയാണ് നിലവിൽ. ഫാസ്റ്റിന്റേയും സൂപ്പർഫാസ്റ്റിന്റേയും കുറവുണ്ട്. വിതുരയിൽ നിന്നും തൊടുപുഴയിലേക്ക് സർവീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസും ഇടയ്ക്ക് അപകടത്തിൽപ്പെടുകയും സർവീസ് നിലയ്ക്കുകയും ചെയ്തിരുന്നു. പകരം അയയ്ക്കുവാൻ ബസ് ഇല്ലാത്തതുമൂലം ഒരു മാസത്തോളം ബസ് നിർത്തലാക്കിയിരുന്നു. വിതുര ഡിപ്പോക്ക് കൂടുതൽ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
എട്ട് ഫാസ്റ്റുണ്ട്, ഓടുന്നത് നാലെണ്ണം
വിതുര ഡിപ്പോയിൽ ആകെ എട്ട് ഫാസ്റ്റ് ബസുകളാണുള്ളത്. ഇതിൽ നിലവിൽ നാലെണ്ണമാണ് സർവീസ് നടത്തുന്നത്. നാലെണ്ണം വർക്ക് ഷോപ്പിലാണ്. ബസുകളുടെ കുറവ് മൂലം യാത്രാദുരിതം ഇരട്ടിച്ച അവസ്ഥയാണ്. പണി പൂർത്തിയാക്കി ഉടൻ പുറത്തിറക്കുമെന്നാണ് അധികൃതർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |