
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ പേരയം താന്നിമൂട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചത് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ഒൻപത് മാസത്തോളമായി റോഡിന്റെ നിർമ്മാണം നടക്കാതായിട്ട്. റോഡ് നിർമ്മാണത്തിനായി റോഡിന്റെ ഇരുവശങ്ങളിലും ഇറക്കിയ മെറ്റിൽ മഴയിൽ ഒലിച്ച്, കാൽ നടയാത്ര പോലും ദുഷ്കരമായ അവസ്ഥയാണ്. പി.ഡബ്ല്യു.ഡിയുടെ ചുമതലയിലുള്ള ഈ റോഡിന്റെ നിർമ്മാണ സാമഗ്രികളിൽ മുക്കാൽ പങ്കും കോൺട്രാക്ടർ തിരികെ കൊണ്ടുപോവുകയും പണി നിർത്തിവയ്ക്കുകയുമായിരുന്നു.
ഡി.പി.ആറിൽ ഉൾപ്പെടുത്താത്ത ജോലികൾ ചെയ്താൽ കോൺട്രാക്ടർക്കു നഷ്ടം വരുമെന്നതിനാലാണ് റോഡ് നിർമ്മാണം നിറുത്തിയതെന്നും ആക്ഷേപമുണ്ട്. പേരയം മുതൽ താന്നിമൂടുവരെയുള്ള നാലരകിലോമീറ്റർ റോഡ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ബി.എം, ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കാനാണ് അഞ്ചുകോടി രൂപ അനുവദിച്ചത്. എന്നാൽ കുടവനാട് മുതൽ പേരയംവരെയുള്ള ഭാഗത്തെറോഡ് മാത്രമാണ് ഭാഗികമായി പണിനടത്തിയത്.
കുടവനാട്-തന്നിമൂട് റോഡും പണിയണം
വാഹനയാത്ര ഏറെ ദുഷ്കരമായ കുടവനാട് മുതൽ തന്നിമൂട് വരെയുള്ള ഭാഗംകൂടി പണിയണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു. താളിക്കുന്ന് മുതൽ പേരയം വരെയുള്ള റോഡിന്റെ ഒരുഭാഗത്ത് റോഡുവികസനത്തിന് ആവശ്യമായ പുറംപോക്ക് ഭൂമി ഉള്ളതായി താലൂക്ക് സർവ്വേയിൽ കണ്ടെത്തിയിട്ടുണ്ട്.
മുതുവിള,പാലുവള്ളി,നന്ദിയോട്
റോഡുപണി പുരോഗമിക്കുന്നു
മുതുവിള,പാലുവള്ളി,നന്ദിയോട് റോഡിന്റെ നിർമ്മാണം യാതൊരു തടസവുമില്ലാതെ നടക്കുകയാണ്. കേരള റോഡ് ഫണ്ട് ബോർഡിനാണ് പതിമൂന്നര കിലോമീറ്റർ വരുന്ന റോഡിന്റെ ചുമതല. പതിമൂന്നു കോടി നാല്പത്തിയഞ്ചു ലക്ഷം രൂപയ്ക്കാണ് കരാർ എടുത്തിരിക്കുന്നത്. അതും ബി.എം.ബി.സി നിലവാരത്തിലാണ് പണിനടക്കുന്നത്. വർക്കല-പൊന്മുടി ടുറിസം ലക്ഷ്യമിട്ടാണ് ഈ റോഡുകൾ പണിയുന്നത്. എം.സി റോഡുമായും ടി.എസ് റോഡുമായും വളരെ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ ഈ റോഡുകൾക്ക് കഴിയുന്നതാണ്.
ആവശ്യം ശക്തം
പേരയം തന്നിമൂട് റോഡിന്റെ നിർമ്മാണം എത്രയും വേഗം പുനരാരംഭിക്കണമെന്നും റോഡ് വികസനത്തിനായി സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുകയാണെങ്കിൽ അർഹമായ നഷ്ടം നൽകണമെന്നും ഡി.പി.ആർ അനുസരിച്ച് ബാഹ്യഇടപെടൽ ഇല്ലാതെ പണിപൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |