കൊല്ലം: മഫ്‌ത്തിയിലെത്തിയ പൊലീസുകാരോട് ഐ.ഡി കാർഡ് ചോദിച്ച വിരോധത്താൽ യുവാവിനെ മർദ്ദിച്ച് കേസിൽ കുടുക്കി ജയലിലടച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്ത് കോടതി. കുണ്ടറ മുൻ എസ്.എച്ച്.ഒ രതീഷ്, എസ്.ഐ അംബരീഷ്, സി.പി.ഒമാരായ അരുൺ, മനു എന്നിവർക്കെതിരെയാണ് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) സമൻസ് അയയ്ക്കാൻ ഉത്തരവിട്ടത്. മജിസ്ട്രേറ്റ് സൂര്യ.എസ്.സുകുമാരന്റേതാണ് ഉത്തരവ്.
ഏരൂർ സ്വദേശി സിനിലാൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് നടപടി. 2023 മാർച്ച് 13ന് രാത്രിയിലാണ് സംഭവം. മറ്റൊരു കേസിലെ പ്രതിയെ തേടി കരിക്കോട് ടി.കെ.എം കോളേജിന് സമീപമുള്ള വീട്ടിൽ സിവിൽ വേഷത്തിലെത്തിയ പൊലീസുകാരെ കണ്ട് സ്ത്രീകൾ ഭയന്നു. ഇതുകണ്ട് എത്തിയ സിനിലാൽ ഐ.ഡി കാർഡ് ചോദിച്ചതിലുള്ള വിരോധത്താൽ ഉദ്യോഗസ്ഥർ ഇയാളെ ക്രൂരമായി മർദ്ദിച്ചതായും സ്റ്റേഷനിൽ തടഞ്ഞുവച്ച് കള്ളക്കേസ് ചുമത്തിയെന്നും മറ്റൊരു സ്റ്റേഷൻ പരിധിയിൽ നിയമപരമായ അധികാരമില്ലാതെയാണ് ഇവർ പ്രവർത്തിച്ചതെന്നും പരാതിയിൽ പറയുന്നു.
സാക്ഷിമൊഴികളും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചതിൽ പ്രാഥമികമായി കേസെടുക്കാൻ തക്ക സാഹചര്യമുണ്ടെന്ന് കണ്ടെത്തിയാണ് കോടതി നടപടി. പരാതിക്കാരന് വേണ്ടി അഡ്വ. ഹാരിസ് റാവുത്തർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |