SignIn
Kerala Kaumudi Online
Thursday, 25 June 2026 4.04 AM IST

സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം,​ ബ്ലേഡ് കൊണ്ട് ആക്രമിച്ചെന്ന് എസ്.എഫ്.ഐയും പൊലീസും

തിരുവനന്തപുരം: കേപ്പ്,ഐ.എച്ച്.ആർ.ഡി ഫീസ് വർദ്ധനയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പൊലീസ് ലാത്തിവീശീ. സംഘർഷത്തിനിടെ പ്രവർത്തകരെ പൊലീസ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന് എസ്.എഫ്.ഐയും പൊലീസിനെയാണ് പ്രവർത്തകർ

ആക്രമിച്ചതെന്ന് പൊലീസും ആരോപിച്ചു. സംഘർഷമുണ്ടായ സ്ഥലത്തുനിന്ന് ബ്ലേഡുകൾ കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെയാണ് യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് നിന്ന് എസ്.എഫ്.ഐയുടെ മാർച്ച് ആരംഭിച്ചത്. സമരഗേറ്റിന് മുന്നിലെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാതെ ബാരിക്കേഡ് മാറ്റാൻ വീണ്ടും ശ്രമിച്ചതോടെ രണ്ടാംതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ബാരിക്കേഡിന് മുകളിലേക്ക് പ്രവർത്തകർ കയറാൻ ശ്രമിച്ചതോടെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ ഒരു പ്രവർത്തകൻ തെറിച്ചുവീണു. ഇതോടെ പ്രകോപിതരായ പ്രവർത്തകർ പൊലീസിനുനേരെ ഓടിയടുത്തു. ചെരുപ്പും ബാനറും ജലപീരങ്കി വാഹനത്തിനുനേരെ അവർ വലിച്ചെറിഞ്ഞു.

വീണ്ടും ബാരിക്കേഡിന് മുകളിൽ കയറാനുള്ള ശ്രമം തടഞ്ഞ പൊലീസ് പ്രവർത്തകരെ അറസ്റ്റുചെയ്‌ത് നീക്കാൻ തുടങ്ങി. ഇതിനിടെ സമരഗേറ്റിന് മുന്നിലെ ഒരു ബാരിക്കേഡ് പ്രവർത്തകർ ഇളക്കിമാറ്റി. മുഖ്യമന്ത്രിയുടെ ഫ്ളക്സ് ബോർഡ് പ്രവർത്തകർ എടുത്തെറിഞ്ഞതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. അറസ്റ്റുചെയ്ത് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചത് പ്രവർത്തകർ പ്രതിരോധിച്ചതോടെ വീണ്ടും ലാത്തിവീശി. സംഘർഷത്തിന് പിന്നാലെയാണ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന ആരോപണ - പ്രത്യാരോപണവുമായി എസ്.എഫ്‌.ഐയും പൊലീസും രംഗത്തെത്തിയത്.

ഇരുപതോളം പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ പെൺകുട്ടികൾക്കും പരിക്കുണ്ടെന്നും ഇവർ പറയുന്നു.​ കോവളം ഏരിയാ കമ്മിറ്റി അംഗം അശ്വിന്റെ മുതുകിൽ പൊലീസ് ബ്ലേഡ് കൊണ്ട് വരഞ്ഞെന്നും വിതുര ഏരിയാ ജോയിന്റ് സെക്രട്ടറിക്കും പരിക്കേറ്റെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് പറഞ്ഞു. എന്നാൽ മാർച്ചിനിടെ എസ്.എഫ്.ഐ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പൊലീസിന്റെ ആരോപണം. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താൻ സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL