തിരുവനന്തപുരം: ആറുമാസത്തിനിടെ ഓരോ അവിശ്വാസ പ്രമേയങ്ങൾ ഉണ്ടാകുമെന്ന് തങ്ങൾ നേരത്തെ പ്രതീക്ഷിച്ചതാണെന്നും ജനാധിപത്യത്തിൽ ഇത്തരം കാര്യങ്ങൾ നിയമപരമായി അനുവദിക്കപ്പെട്ടതാണെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു.
നഗരസഭയിലെ 101 സീറ്റുകളിൽ 50 സീറ്റുകൾ നേടി ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ ഇത്തരം രാഷ്ട്രീയ വെല്ലുവിളികൾ മുന്നിൽ കണ്ടിരുന്നു. അവിശ്വാസത്തെ നേരിടാനുള്ള നിയമോപദേശങ്ങളും സഹായങ്ങളും ബി.ജെ.പിയുടെ കേന്ദ്ര,സംസ്ഥാന നേതൃത്വത്തിൽ നിന്നുണ്ടാകും. അഞ്ചുവർഷവും നഗരസഭ ബി.ജെ.പി ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ ഇന്നത്തെ കൗൺസിലിൽ പങ്കെടുക്കാതിരുന്നാൽ അംഗത്വം നഷ്ടമാകില്ല. എന്നാൽ ജൂലായ് മാസത്തിൽ നടക്കാനിരിക്കുന്ന കൗൺസിലിൽ പങ്കെടുത്തില്ലെങ്കിൽ അംഗത്വം നഷ്ടപ്പെടും. അത് ഒഴിവാക്കാൻ ഹൈക്കോടതിയിൽ നിയമനടപടികൾ സുഗതൻ നടത്തുന്നുണ്ട്.
ആദ്യ വർഷത്തിൽ നാല് കാര്യങ്ങൾ ചെയ്യുമെന്നാണ് ജനങ്ങളോട് പറഞ്ഞത്. പിടികൂടുന്ന തെരുവ് നായ്‌ക്കളെ എ.ബി.സി ശസ്ത്രക്രിയ ചെയ്‌തശേഷം സ്ഥിരമായ ഷെൽറ്ററുകളിലേക്ക് മാറ്റുകയാണ്. വെള്ളക്കെട്ട്,കുടിവെള്ളപ്രശ്നം,വേസ്റ്റ് മാനേജ്മെന്റ് എന്നിവ പരിഹരിക്കാനാവശ്യമായ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ട്. മുമ്പത്തെ ഭരണസമിതിയിൽ അഴിമതി വ്യാപകമായിരുന്നു. അത് അവസാനിപ്പിക്കുമെന്നും മേയർ പറഞ്ഞു.
സി.പി.എം ഭരിച്ചിരുന്നപ്പോൾ നഗരസഭയിൽ കോൺഗ്രസ് സർവീസ് സംഘടനയുടെ കൊടിമരം പിഴുതു മാറ്റിയ കാര്യം അവിശ്വാസ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്ന ശബരീനാഥൻ ഓർക്കണം. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമാണ് ആ സംഘടനയ്ക്ക് പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. ആദർശം വിട്ട് സി.പി.എം എന്നൊക്കെ കോൺഗ്രസിന് കൈകൊടുത്തിട്ടുണ്ടോ അപ്പോഴൊക്കെ അവരുടെ വളർച്ച പടവലങ്ങ പോലെ താഴോട്ടാണ് പോയിട്ടുള്ളത്. 64 എം.പിമാരുണ്ടായിരുന്ന പാർലമെന്റിൽ 6 സീറ്റായി ചുരുങ്ങിയത് അങ്ങനെയാണ്. സി.പി.എമ്മും കോൺഗ്രസും ഒന്നായാൽ പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്‌ക്കണം. പകരം ബി.ജെ.പി നിയമസഭാ പാർലമെന്ററി പാർട്ടി നേതാവ് ഗോപകുമാർ അടുത്ത പ്രതിപക്ഷ നേതാവാകുമെന്നും രാജേഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |