SignIn
Kerala Kaumudi Online
Monday, 29 June 2026 12.10 PM IST

കോർപ്പറേഷനിലെ അവിശ്വാസം നടക്കില്ല

തിരുവനന്തപുരം: യു.ഡി.എഫ് താത്പര്യമെടുത്തെങ്കിലും സി.പി.എം അനുകൂല സമീപനം പ്രകടിപ്പിക്കാത്തതോടെ കോർപ്പറേഷനിലെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ സാദ്ധ്യത മങ്ങി. 34 അംഗങ്ങൾ ഒപ്പിടാതെ അവിശ്വാസത്തിന് നോട്ടീസ് നൽകാനാകില്ല. യു.ഡി.എഫിന് ആകെ 20 അംഗങ്ങളാണുള്ളത്.

തുലാസിലായ സുഗതന്റെ കൗൺസിലർ സ്ഥാനത്തെ സംബന്ധിച്ച് തീരുമാനമുണ്ടായ ശേഷമേ ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കൂവെന്ന നിലപാടിലാണ് സി.പി.എം. നിലവിലെ സാഹചര്യത്തിൽ അവിശ്വാസം കൊണ്ട് ബി.ജെ.പി ഭരണത്തെ താഴെയിറക്കാനാകില്ലെന്ന് എൽ.ഡി.എഫ് കരുതുന്നതിനാലാണ് ഇക്കാര്യത്തിൽ ധൃതിവെണ്ടെന്ന് സമീപനം സ്വീകരിച്ചത്. അതേസമയം സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള എൽ.ഡി.എഫിന്റെ റിലേ സത്യാഗ്രഹം തുടരും. അവിശ്വാസപ്രമേയത്തെ സി.പി.എം പിന്തുണച്ചേക്കുമെന്ന രീതിയിൽ മുൻ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവന നേരത്തെ പുറത്തുവന്നിരുന്നു.

എൽ.ഡി.എഫ് പിന്തുണയ്ക്കില്ലെന്ന് വി.ജോയി

നഗരസഭയിൽ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്‌ക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി വ്യക്തമാക്കി. ഈ ആവശ്യവുമായി യു.ഡി.എഫ് സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ അവിശ്വാസത്തെ പിന്തുണയ്ക്കണോ എന്നത് നയപരമായ തീരുമാനമാണ്. അത്തരമൊരു തീരുമാനം ഇപ്പോൾ എടുത്തിട്ടില്ലെന്നും ഭാവിയിൽ അങ്ങനെയുണ്ടാകില്ലെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ.ഡി.എഫും ബി.ജെ.പിയും

തമ്മിൽ ധാരണ: ശബരീനാഥൻ

അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാത്തതിന് പിന്നിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ധാരണയാണെന്ന ആരോപണവുമായി യു.ഡി.എഫ് കൗൺസിലർ കെ.എസ്.ശബരീനാഥൻ . എൽ.ഡി.എഫിന്റെ കരാർ നിയമനങ്ങൾ റദ്ദാക്കുമെന്ന ഭയമാണ് പിന്നിലെന്ന് ശബരീനാഥൻ ആരോപിച്ചു.

നഗരസഭാ കൗൺസിൽ യോഗം ഇന്ന്

എൽ.ഡി.എഫിന്റെ റിലേ സത്യഗ്രഹവും യു.ഡി.എഫിന്റെ മാർച്ചും ഉൾപ്പടെയുള്ള പ്രതിഷേധങ്ങൾക്കിടെ കോർപ്പറേഷന്റെ ജനറൽ കൗൺസിൽ യോഗം ഇന്ന് നടക്കും. 46 ദിവസങ്ങൾക്ക് ശേഷമാണ് കൗൺസിൽ യോഗം നടക്കുന്നത്.

വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ കാപ്പാക്കേസിൽ ജയിലിലായ ശേഷം നടക്കുന്ന യോഗമായതിനാൽ സുഗതനെ പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കും. 19 കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചട്ടലംഘനം ചൂണ്ടിക്കാട്ടിയും പ്രതിപക്ഷത്തിന്റെ ബഹളമുണ്ടാകാനാണ് സാദ്ധ്യത. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫും യു.ഡി.എഫും പുറത്ത് സമരം തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL