
നെയ്യാറ്റിൻകര: കഴിഞ്ഞ മൂന്നാഴ്ചയായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും നെയ്യാറ്റിൻകരയിലെ താഴ്ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. മാമ്പഴക്കര, തൊഴുക്കൽ, ചെമ്പരത്തിവിള, പെരുമ്പഴുതൂർ, ഓലത്താന്നി, അരുവിപ്പുറം മുതൽ പൂവാർ വരെയുള്ള നെയ്യാറിനോട് ചേർന്നുള്ള പ്രദേശങ്ങൾ മുഴുവൻ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കർഷകരാണ് ദുരിതത്തിലായത്. നെല്ലിന് പകരം ഇടവിളയായി വാഴയും മരിച്ചീനിയും കൃഷി ചെയ്ത കൃഷിയിടങ്ങളിൽ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കാറ്റിൽ കുലയ്ക്കാറായ ആയിരക്കണക്കന് വാഴകളാണ് നിലംപൊത്തിയത്. നഗരസഭ പരിധിയിലെ കണ്ണംകുഴി, മൂഴിമൺതോട്ടം രാമേശ്വരം, ഇരുമ്പിൽ, ചായ്ക്കോട്ടുകോണം, മരുതത്തൂർ, പനയറത്തല ഏലാകളെല്ലാം വെള്ളത്തിനടിയിലാണ്. വാഴ, പച്ചക്കറി കൃഷിയിടങ്ങളിലാണ് കൂടുതലായും വെള്ളം കയറിയത്.കഴിഞ്ഞ വർഷങ്ങളിലുണ്ടായ കൃഷി നാശത്തിന്റെ നഷ്ടപരിഹാരം പോലും കിട്ടിയിട്ടില്ലന്ന് കർഷകർ ആരോപിക്കുന്നു.
നഷ്ടപരിഹാരം തുച്ഛം
കൃഷിയിൽ വാഴ നശിച്ചാൽ 10രൂപയാണ് നഷ്ടപരിഹാരമായി കൃഷിഭവനിലൂടെ ലഭിക്കുന്നത്. ഒരു വാഴ നട്ട് കുലപ്പരുവമെത്താൽ വിത്തും വളവും കർഷകന്റെ അദ്ധ്വാനശേഷിയുമുൾപ്പെടെ 200രൂപയിലേറെ ചെലവുണ്ട്. കൃഷി ഭവൻ വഴിയുള്ള സംയോജിത ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിയുണ്ടെങ്കിലും കർഷകർക്ക് പ്രയോജനമില്ല.
നെയ്യാറും വില്ലനാകും
മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി തടയുവാനായി നെയ്യാറിന് കുറുകെ തടയണകൾ നിർമ്മിക്കണമെന്ന നിർദ്ദേശം പാലിക്കാത്തതിനാൽ കരയോരത്തെ കർഷകർ ഭീഷണിയിലാണ്. അടിക്കടിയുണ്ടാകുന്ന കൃഷിനാശം കണക്കിലെടുത്ത് അടിയന്തര സഹായം അനുവദിക്കണമെന്ന് കർഷകസമിതികൾ അധികൃതരോട് ആവശ്യപ്പെട്ടു. മാവിളക്കടവ് പ്രദേശത്തെ ഏക്കർ കണക്കിനുള്ള ചീരത്തോട്ടവും വെള്ളത്തിനടിയിലായി.
കരയിടിച്ചുള്ള മണൽ കോരൽ
നെയ്യാറിൽ കരയിടിച്ചുള്ള മണൽകോരൽ കാരണം നെയ്യാർ ഗതിമാറിയൊഴുകുന്നത് സമീപവാസികൾക്ക് ദുരിതമായിമാറുന്നു. നെയ്യാറിന് സമീപത്തെ കരഭൂമിയിൽ കൃഷി ചെയ്യുന്ന ഹെക്ടർ കണക്കിന് കരകൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ നശിച്ചത്.
ക്യാപ്ഷൻ
വഴുതൂരിലെ ഏലായിലെ വാഴത്തോട്ടം കഴിഞ്ഞ കാറ്റിൽ നശിച്ച നിലയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |