SignIn
Kerala Kaumudi Online
Friday, 03 July 2026 2.48 AM IST

അപകടക്കെണിയായി നെല്ലിമൂട് ജംഗ്ഷനിലെ പൈപ്പ്ലൈൻ കുഴികൾ

general

ബാലരാമപുരം: നെല്ലിമൂട് ജംഗ്ഷനിലെ കുഴികൾ നാട്ടുകാർക്ക് വെല്ലുവിളിയാകുന്നു. വാട്ടർ അതോറിട്ടി പ്രോജക്ട് ഡിവിഷനും കാഞ്ഞിരംകുളം മരാമത്തും തമ്മിലുള്ള തർക്കമാണ് രണ്ട് വർഷമായി മൂടാതെ കിടക്കുന്ന കുഴിക്ക് കാരണം. അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിമൂട്-മരപ്പാലം റൂട്ടിൽ ജലജീവൻ മിഷന്റെ ഭാഗമായെടുത്ത പൈപ്പ്ലൈൻ കുഴികളാണ് വാഹനയാത്രക്കാർക്ക് വെല്ലുവിളിയായിരിക്കുന്നത്.

നിരവധി സ്കൂൾ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന കവലയാണ് നെല്ലിമൂട്-മരപ്പാലം റോഡ്. കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ പണികൾ ഒരു വർഷം മുമ്പ് പൂർത്തിയായിരുന്നു. മരാമത്തും വാട്ടർ അതോറിട്ടിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ രേഖാമൂലം കത്ത് കൈമാറിയാണ് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചത്. കാഞ്ഞിരംകുളം മരാമത്ത് സെക്ഷനാണ് നെല്ലിമൂട്-മരപ്പാലം റോഡിന്റെ നിർമ്മാണച്ചുമതല. എന്നാൽ പൈപ്പ് ലൈൻ കുഴികൾ നികത്തുന്നത് വാട്ടർ അതോറിട്ടി പ്രോജക്ട് ഡിവിഷനാണ്. മരാമത്ത് അധികൃതർക്ക് ഫണ്ട് കൈമാറിയാണ് ജലജീവൻ മിഷൻ പൈപ്പ് കുഴികളെടുത്തതെന്നും കുഴികളടയ്ക്കേണ്ട ചുമതല മരാമത്ത് സെക്ഷനുമാണെന്നാണ് ജലജീവൻ മിഷൻ അധികൃതർ പറയുന്നത്.

വാട്ടർ അതോറിട്ടിയും മരാമത്ത് അധികൃതരും തമ്മിലുള്ള കരാർ സംബന്ധിച്ച്,അന്വേഷണം വേണമെന്നും വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണമെന്നുമുള്ള ആവശ്യം ശക്തമാണ്.

സൂചനാ ബോർഡ് സ്ഥാപിക്കണം

നെല്ലിമൂട് ജംഗ്ഷനിലെ വാട്ടർ അതോറിട്ടിയുടെ പൈപ്പ്ലൈൻ കുഴികൾ വാഹനയാത്രക്കാർക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ റോഡിനരികിൽ ബാരിക്കേ‌ഡ് തീർത്ത് സൂചനാ ബോർഡ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുഴികളുള്ള ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുപോലും മരാമത്ത് അധികൃതർ സ്ഥാപിച്ചിട്ടില്ല. റോഡിന്റെ വീതീക്കുറവും അനധികൃത പാർക്കിംഗും ഇതുവഴിയുള്ള യാത്ര സങ്കീർണമാക്കുകയാണ്.

ടാറിംഗ് ഉടനെന്ന് ജലജീവൻ പ്രോജക്ട് ഡിവിഷൻ

ടാർ ക്ഷാമം രൂക്ഷമായതോടെ മെയിന്റെനൻസ് വർക്കുകൾ മിക്കവയും തടസപ്പെടുന്നുവെന്നാണ് കരാറുകാരുടെ പരാതി. മരാമത്തിന് ഫണ്ട് കൈമാറി കുഴികൾ നികത്തേണ്ട ചുമതല ബന്ധപ്പെട്ടവരാണ് നിർവഹിക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം കാരണം കാലതാമസം നേരിട്ടുവെന്നാണ് അധികൃതരുടെ വിശദീകരണം. മെയിന്റെൻസ് വർക്കുകൾ ചെയ്യുന്നതിന്റെ ഭാഗമായി നെല്ലിമൂട് ജംഗ്ഷനിലെ കുഴികളടക്കാനും കരാറുകാരന് നിർദേശം കൈമാറിയതായി ജലജീവൻ മിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL