അന്തിക്കാട്: പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ നാലര ഏക്കറോളം വിസ്തൃതിയുള്ള അന്തിക്കാട്ടുകുളത്തിൽ വൻതോതിൽ മീനുകൾ ചത്തുപൊങ്ങി. ചെറുതും വലുതുമായ അനേകം മത്സ്യങ്ങളാണ് കുളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചത്തുകിടക്കുന്നത്. ഇതോടെ പ്രദേശത്താകെ കടുത്ത ദുർഗന്ധം വമിക്കുകയാണ്. നിരവധി മീനുകൾ ഇപ്പോഴും കുളത്തിൽ അവശനിലയിലാണ്. ഇങ്ങനെയുള്ള മീനുകളെ ചിലർ പിടിച്ചുകൊണ്ടുപോകുന്നത് പ്രദേശത്ത് കൂടുതൽ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. എന്നാൽ കുളത്തിൽ ഇലകൾ വീണും മാലിന്യങ്ങൾ അടിഞ്ഞുകൂടിയും പായൽ കെട്ടി പാട രൂപപ്പെട്ടതു മൂലം ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് മീനുകൾ ചത്തുപൊന്താൻ കാരണമെന്ന് അന്തിക്കാട് ഹെൽത്ത് ഇൻസ്പക്ടർ അറിയിച്ചു. അതേസമയം, കുളത്തിലെ മീൻ പിടിച്ച് ഭക്ഷിക്കുന്നത് മൂലം യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുളത്തിലെ വെള്ളത്തിന് കടുത്ത നിറവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെട്ടിരുന്നു. വെള്ളത്തിന് മുകളിൽ കട്ടിയുള്ള പാടയും രൂപപ്പെട്ടിട്ടുണ്ട്. ജലം പൂർണ്ണമായും മലിനമായ നിലയിലാണെന്ന് കാണിച്ച് നാട്ടുകാർ നേരത്തേ തന്നെ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരുകയും ജലപരിശോധന നടത്തുകയും ചെയ്തിരുന്നു. കൊച്ചിൻ ദേവസ്വത്തിന്റെ അധീനതയിലുള്ള കുളമായതുകൊണ്ട് മാലിന്യ പ്രശ്‌നപരിഹാരത്തിനായി ദേവസ്വത്തിന് കത്ത് നൽകിയിട്ടുണ്ട്. ത്രിതല പഞ്ചായത്തിന്റെയും പൊതുജന പങ്കാളിത്തത്തോടുകൂടി കുളം മാലിന്യവിമുക്തമാക്കാനുള്ള പദ്ധതികളും ആലോചിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് മത്സ്യങ്ങൾ ചത്തത്.
ആവശ്യങ്ങളേറെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |