
വക്കം: കടയ്ക്കാവൂർ പഞ്ചായത്തിലെ കാരകുന്ന് ഏലാപ്പുറത്തെ നെൽപ്പാടത്ത് സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമെന്ന് പരാതി. രാത്രിയായാൽ ലഹരി സംഘങ്ങളുടെ താവളമാണ് ഇവിടം. ഒപ്പം കക്കൂസ് മാലിന്യ നിക്ഷേപവും പതിവാണ്. ജനവാസം കുറഞ്ഞ മേഖല ആയതിനാലും വഴിവിളക്കുകൾ ഇല്ലാത്തതിനാലും സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി ഇവിടം മാറിയിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മണനാക്ക് ജംഗ്ഷനിൽ എത്താതെ ആറ്റിങ്ങൽ കടയ്ക്കാവൂർ ഭാഗത്തേക്ക് പോകാൻ സാധിക്കുന്ന പള്ളിമുക്ക് കാരകുന്ന് റോഡിന് ഇരുവശത്തായിട്ടാണ് വിശാലമായ കാരാകുന്ന് ഏലാപ്പുറം. കഴിഞ്ഞ ഭരണകാലത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പാടശേഖരത്തിന് നടുവിൽ ലൈറ്റ് സ്ഥാപിച്ചെങ്കിലും ഇതുവരെയും പ്രവർത്തന സജ്ജമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതരുടെയും പൊലീസിന്റെയും ഭാഗത്ത് നിന്ന് ശക്തമായ നടപടികൾ വേണമെന്നാണ് പൊതുവായ ആവശ്യം.
കർഷകർ ദുരിതത്തിൽ
26 എക്കറോളം വരുന്ന പാടത്ത് വർഷത്തിൽ രണ്ട് തവണ നെൽകൃഷി നടത്തുന്നുണ്ട്. മുമ്പ് കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതകൾ പാടത്ത് നെൽകൃഷി നടത്തിയെങ്കിലും ഇപ്പോൾ പൂർണമായും പാടത്തിന്റെ ഉടമകൾ തന്നെയാണ് കൃഷി നടത്തുന്നത്. മദ്യപിച്ചശേഷം പൊട്ടിച്ചെറിയുന്ന കുപ്പിച്ചില്ലുകൾ കാരണം കർഷകർക്ക് വയലിലേക്ക് ഇറങ്ങാൻ കഴിയുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |