
തർക്കം തുടങ്ങിയത് ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി
പൂവാർ: വാക്കേറ്റത്തിന് പിന്നാലെ വീടിന് മുന്നിലെ റോഡിൽവച്ച് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ അച്ഛനും മക്കളും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. കോട്ടുകാൽ കണ്ണറവിള വടക്കരിക്കത്ത് വീട്ടിൽ അജികുമാർ-പ്രിയ ദമ്പതികളുടെ മകൻ എ.പി.മനു (22) കഴിഞ്ഞ ദിവസം രാത്രി ദാരുണമായി കൊല്ലപ്പെട്ട കേസിൽ കണ്ണറവിള കണ്ണറക്കോണം അമ്പാടി ഹൗസിൽ ബിജു (43), മക്കളായ കണ്ണൻ എന്ന മിഥുൻ (21),അമ്പാടി എന്ന വിജിൻ (18),ഇവരുടെ സുഹൃത്ത് നെല്ലിമൂട് സ്വദേശിയായ 17കാരൻ എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
ഞായറാഴ്ച വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. വിജിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് മനുവിന്റെ വീടിന് സമീപത്തുവച്ച് പെട്രോൾ തീർന്ന് വഴിയിലായി. തുടർന്ന് ഇരുവരും പെട്രോൾ വാങ്ങി ബൈക്കിലൊഴിച്ച ശേഷം സ്റ്റാർട്ടാക്കാനായി ആക്‌സിലേറ്റർ ശക്തിയായി കൊടുത്തു. ബൈക്കിന്റെ ശബ്ദം കൂടിയത് മനുവും സുഹൃത്തുകളും ചോദ്യം ചെയ്‌തോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമായി. മനുവിന്റെ ബന്ധുക്കളെത്തി തത്കാലം പ്രശ്‌നം പരിഹരിച്ചു.
എന്നാൽ രാത്രി 9.30ഓടെ മനുവും സുഹൃത്തുക്കളും വിജിന്റെ വീടിന് മുൻവശത്തെ റോഡിലെത്തി വീണ്ടും വാക്കുതർക്കവും അടിപിടിയുമുണ്ടായി. സംഘർഷത്തിൽ വിജിന്റെ കൈവിരലിന് മുറിവേറ്റതോടെ മിഥുനും അച്ഛൻ ബിജുവും ചേർന്ന് മനുവിനെ ക്രൂരമായി മർദ്ദിച്ചു. സംഘർഷത്തിനിടെ മനുവിന്റെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി വിജിൻ മനുവിന്റെ മുതുകിൽ കുത്തുകയായിരുന്നു. ബോധരഹിതനായ മനുവിനെ വിജിനും സുഹൃത്തും ചേർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ആശുപത്രിയിൽ വച്ചും ഇരുകൂട്ടരും ഏറ്റുമുട്ടി. സംഭവമറിഞ്ഞ് നെയ്യാറ്റിൻകര പൊലീസെത്തി വിജിനെയും സുഹൃത്തിനെയും പിടികൂടി കാഞ്ഞിരംകുളം പൊലീസിന് കൈമാറുകയായിരുന്നു. രാത്രി 11ഓടെ കാഞ്ഞിരംകുളം പൊലീസ് ബിജുവിനെയും മിഥുനെയും വീട്ടിലെത്തിയാണ് അറസ്റ്റുചെയ്‌തത്. കൃഷ്ണപ്രിയയാണ് മനുവിന്റെ സഹോദരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |