SignIn
Kerala Kaumudi Online
Tuesday, 07 July 2026 5.20 AM IST

അയർക്കുന്നം റോഡിൽ മോനിപ്പള്ളി വളവിലെ വെള്ളക്കെട്ട് കലുങ്കും ഓടയും ഇല്ല, വെള്ളം റോഡിൽ തന്നെ !

monippallyu

പാലാ: മഴ മാറി നിന്നാലും കിടങ്ങൂർ അയർക്കുന്നം റോഡിലെ മോനിപ്പള്ളി വളവിൽ വെള്ളക്കെട്ട് ഒഴിയണമെങ്കിൽ ദിവസങ്ങളെടുക്കും. ഇതോടെ ഇതുവഴി പോകുന്ന യാത്രക്കാർക്കും പ്രദേശവാസികൾക്കും വെള്ളക്കെട്ട് ദുരിതമായി മാറുകയാണ്. ചെറിയ മഴ പെയ്താൽ പോലും റോഡിൽ 300 മീറ്ററോളം ദൂരത്തിൽ വെള്ളം കയറി കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. മുമ്പ് ഈ പ്രദേശത്ത് വെള്ളം ഒഴുകിപ്പോകാൻ ചെറുതോടുകളും രണ്ട് കലുങ്കുകളും ഉണ്ടായിരുന്നു. മേക്കാട്ട് തോട് വഴിയായിരുന്നു പ്രധാനമായും വെള്ളം ഒഴുകിപ്പോയിരുന്നത്. കൂടാതെ കൊച്ചുപാലം വഴിയും, കടുതോടിൽ തോട് ഇരുട്ടുകുഴി തോട് എന്നിവ വഴിയും വെള്ളം ഒഴുകിപ്പോയിരുന്നു. കാൽനടയാത്രക്കാർക്ക് ഇതുവഴി കടന്നുപോകാൻ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. എന്നാൽ റോഡ് വീതികൂട്ടി നിർമിച്ചതോടൊപ്പം ഈ തോടുകളെല്ലാം നികത്തപ്പെടുകയും കലുങ്കുകളും ഓടകളും അപ്രത്യക്ഷമാവുകയും ചെയ്തതോടെയാണ് മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായത്.

 അശാസ്ത്രീയമായ റോഡ് നിർമാണവും മഴവെള്ളം ഒഴുകിപ്പോയിരുന്ന ഓടകൾ നികത്തിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

 റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളി വെള്ളവും മലിനജലവും കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നത് ഇവിടെ പതിവാണ്.

 സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം തെറിച്ചുവീഴുന്നതിനാൽ വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാണ്.

 വളവുള്ള പ്രദേശം കൂടിയായതിനാൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ശാശ്വത പരിഹാരം വേണം

മോനിപ്പള്ളി വളവിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്ന് പാലാ ജനകീയ സമിതിയോഗം ആവശ്യപ്പെട്ടു. റോഡിന്റെ ഇരുവശങ്ങളിലും ശാസ്ത്രീയമായി ഓടകൾ നിർമ്മിച്ച് വെള്ളം മേക്കാട്ട് തോട് വഴി ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കുക എന്നിവയും ചെയ്യണമെന്ന് ജനകീയ സമിതി പ്രസിഡന്റ് അഡ്വ.സന്തോഷ് മണർകാട് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL