SignIn
Kerala Kaumudi Online
Sunday, 26 July 2026 6.31 PM IST

അവിടെ സി.ആർ 7 ന്റെ കണ്ണുകൾ നിറ‌ഞ്ഞു; ഇവിടെ പൊട്ടിക്കരഞ്ഞ് കുഞ്ഞ് ആരാധകർ

cc

തിരുവനന്തപുരം: ഡാലസിലെ പുൽമൈതാനത്ത് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സ്കോർ സ്പെയിൻ 1-പോർച്ചുഗൽ 0.

കൈകൾ ഇടുപ്പിൽ കുത്തി, ശൂന്യതയിലേക്ക് നോക്കി നിൽക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഇങ്ങകലെ നമ്മുടെ നാട്ടിലും പാതിരാത്രി കളി കണ്ട റോണോ ആരാധകരുടെ കണ്ണും നിറഞ്ഞുതുളുമ്പി . റോണാൾഡോ എന്ന 41കാരന്റെ നിരാശയിൽ വിങ്ങിപൊട്ടിപോയവരിൽ ഏറെയും കുട്ടികളായിരുന്നു. 7-ാം നമ്പർ ജേഴ്സി അണിഞ്ഞ് ടി.വിക്കു മുന്നിൽ കുത്തിയിരുന്നവർ അവരായിരുന്നു. ഇഷ്ട താരത്തിന്റെ തോൽവിയിൽ 'ഞാനിന്ന് സ്കൂളിൽ പോകുന്നില്ല' എന്ന തീരുമാനം കണ്ണീരോടെ ചിലർ രക്ഷിതാക്കളെ അറിയിച്ചു. മാതാപിതാക്കൾ നിർബന്ധിച്ചപ്പോൾ 'മെസിക്കും ഈ ഗതി വരും' എന്ന് പ്‌രാകികൊണ്ട് സ്കൂൾ ബസിൽ കയറിയവരും ഉണ്ട്. ക്ലാസിലെ മെസിഫാൻസിന്റെ മുഖത്ത് എങ്ങനെ നോക്കുമെന്ന ചിന്തയായിരുന്നു അവരെ അലട്ടിയിരുന്നത്.

കളി ജയിച്ചാൽ കവലകളിൽ ഉയർത്തികെട്ടിയ റോണോയുടെ കട്ടൗട്ടിനു മുന്നിൽ ചെന്ന് ആഘോഷം നടത്താൻ ആലോചിച്ച സ്പോർട്സ് ക്ലബ് പ്രവർത്തകരും നിരാശയിലേക്ക് വീണു. ഇൻജുറിടെമിന്റെ ആദ്യ മിനിട്ടിൽ മൈക്കൽ മെറീനോ തൊടുത്ത ആ ഗോൾ പോർച്ചുഗലിന്റെ വലയെ മാത്രമല്ല ഭേദിച്ചത് അവരുടെ നെഞ്ചകങ്ങളെ കൂടിയായിരുന്നു.

ലോക കപ്പ് ആരവം ഉയർന്നപ്പോൾ തന്നെ ചെറിയ ഫാൻസി കടകളിൽ പോലും കുട്ടികളുടെ സൈസിൽ റോണോയുടെ നമ്പർ 7 ജേഴ്സികളുടെ ശേഖരം എത്തിയിരുന്നു. രക്ഷിതാക്കളോട് വാശിപിടിച്ചാണ് കുട്ടികൾ അതൊക്കെ സ്വന്തമാക്കിയത്. അത്രമേൽ ഇഷ്ടമായിരുന്നു അവർക്ക് സി.ആർ 7നെ. ഗോളടിച്ച ശേഷം റോണാൾ‌ഡോ ചാടി കൈ കുടഞ്ഞ് നിൽക്കുന്ന പ്രകടനം എൽ.കെ.ജി കുട്ടികൾ പോലും അനുകരിക്കുന്നു.

പട്ടിണിയോടും പ്രതിസന്ധികളോടും പൊരുതി ലോകത്തിന്റെ നെറുകയിലെത്തിയ റോണോയുടെ ചരിത്രമൊന്നും അവർക്കറിയില്ല. ഫുട്ബാൾ മൈതാനങ്ങളിലേക്ക് ചെറുപ്പക്കാരെ ആകർഷിക്കാൻ മെസിക്കൊപ്പം പങ്കു വഹിച്ച ആളാണ് ആരാധകർ 'ഒരേ ഒരു രാജാവ്' എന്ന് വിശേഷിപ്പിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ.

കുട്ടികളുടെ ഹീറോയ്ക്ക് ഇനിയൊരു ലോക കപ്പില്ല. ചുവന്ന ഏഴാം നമ്പർ ജേഴ്സിയിൽ അദ്ദേഹം ഇനി കളിക്കളത്തിലെത്തില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL