തിരുവനന്തപുരം: വഴിക്കുവേണ്ടി രണ്ട് കുടുംബങ്ങളും വർഷങ്ങളായി തുടരുന്ന തർക്കമാണ് കടുത്ത വൈരാഗ്യത്തിലേക്കും ഒടുവിൽ കൊലപാതകത്തിലേക്കും നയിച്ചത്.
പാൽക്കുളങ്ങരയിൽ കൊല്ലപ്പെട്ട വിശാഖും പ്രതി പത്തു എന്ന പ്രദീപും ബന്ധുക്കളാണെങ്കിലും വഴിത്തർക്കത്തോടെ ഇരുവീട്ടുകാരും കടുത്ത ശത്രുതയിലായി. വിശാഖിന്റെ വീടിന് പുറകിലായാണ് പ്രദീപിന്റെ വീട്. ഇരുവീടുകൾക്കുമിടയിൽ മതിലുമുണ്ട്. പ്രദീപിന്റെ വീട്ടിലേക്ക് പോകാൻ മറ്റൊരു നടവഴിയുണ്ടെങ്കിലും വിശാഖിന്റെ വീടിന്റെ പുറകിലെ മതിൽ പൊളിച്ച് വഴി നൽകണമെന്ന ആവശ്യമാണ് തർക്കത്തിന് കാരണം. മതിൽ പൊളിക്കാൻ വിശാഖും വീട്ടുകാരും തയ്യാറായിരുന്നില്ല.
വൈരാഗ്യം വർദ്ധിച്ചതോടെ ഇവർ തമ്മിൽ പ്രശ്‌നങ്ങളും തുടങ്ങി. കഴിഞ്ഞ ഡിസംബറിൽ വിശാഖ് കുത്തിപ്പരിക്കേല്പിച്ചതിനെ തുടർന്ന് പ്രദീപ് ദീർഘനാൾ ചികിത്സയിലായിരുന്നു. പരിക്ക് കാരണം ഡ്രൈവിംഗ് ചെയ്യാൻ കഴിയാത്ത വിധം കൈയുടെ സ്വാധീനം നഷ്ടപ്പെട്ടു. ഇതോടെ സ്വകാര്യ ചാനലിലെ ഡ്രൈവറായിരുന്ന പ്രദീപിന് മാസങ്ങളോളം ജോലിക്ക് പോകാനായിരുന്നില്ല. ഇക്കാരണത്താൽ വിശാഖിനോട് പ്രദീപീന് കടുത്ത പകയുണ്ടായിരുന്നു. രണ്ടുദിവസം മുമ്പ് പ്രദീപിന്റെ ജ്യേഷ്ഠന്റെ കാറിന്റെ ടയർ കുത്തിക്കീറിയത് വിശാഖാണെന്ന് അറിഞ്ഞതോടെ പ്രതികാരം ചെയ്യാൻ പ്രദീപ് തീരുമാനിക്കുകയിരുന്നു.
ഇതിനായി സുഹൃത്തുക്കളെ ഒപ്പം കൂട്ടി പദ്ധതി തയ്യാറാക്കി. ഇന്നലെ ഉച്ചയോടെ വിശാഖിനെ വീടിന് മുന്നിൽ വച്ച് വെട്ടുകയായിരുന്നു ലക്ഷ്യം. മൂന്നു വെട്ടുകത്തി കൈയിൽ കരുതി വള്ളക്കടവ് സ്വദേശിയുടെ കാറിൽ പ്രതികളായ സുഹൃത്തുക്കൾക്കൊപ്പം പ്രദീപ് കാത്തിരുന്നു. മദ്യപിച്ച് ഇവർക്ക് മുന്നിലേക്ക് വിശാഖ് വന്നെത്തുകയായിരുന്നു. മുതുകിൽ ബാഗുമായി സ്‌കൂട്ടറിലെത്തിയ വിശാഖ് സ്‌കൂട്ടർ ഒതുക്കി നിറുത്തിയ ശേഷം ഹെൽമെറ്റ് ഊരുന്നതിന് മുമ്പ് പ്രദീപും സുഹൃത്തുക്കളും ചാടിവീണു. തുടർന്ന് മൂന്ന് വെട്ടുകത്തിയും ഉപയോഗിച്ച് ക്രൂരമായി വെട്ടുകയായിരുന്നു. പ്രദീപും വിശാഖും വഞ്ചിയൂർ സ്റ്റേഷനിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഊണുമായി എത്തിയ മകന്
അവസാനമായി വെള്ളം നൽകി അമ്മ
അമ്മയ്‌ക്ക് കഴിക്കാൻ ഊണ് വാങ്ങിവരാമെന്ന് പറഞ്ഞാണ് വിശാഖ് രാവിലെ വീട്ടിൽ നിന്നിറങ്ങിയത്. മിത്ര ഗാർമെന്റ് ക്ളീനിംഗ് എന്നപേരിൽ ഡ്രൈ ക്ളീനിംഗ് സ്ഥാപനം നടത്തുകയാണ് വിശാഖ്. അലക്കാനുള്ള തുണികൾ സ്ഥിരമായി നൽകുന്ന വീടുകളിൽ പോയി ഇവ ശേഖരിച്ച് ബാഗിലാക്കിയ ശേഷം അമ്മയ്‌ക്ക് കഴിക്കാൻ ചോറും വാങ്ങിയാണ് വിശാഖ് വീട്ടിലെത്തിയത്.
നാട്ടുകാർ പറഞ്ഞപ്പോഴാണ് അക്രമി സംഘം മകനെ വെട്ടിപ്പരിക്കേല്പിച്ച കാര്യം അമ്മ കുമാരി ഷൈല അറിഞ്ഞത്. പ്രാണവേദനയോടെ ഓടി റോഡിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയാണ് വിശാഖ്. ഈ ദൃശ്യം കണ്ടതോടെ അമ്മ നെഞ്ചുപൊട്ടി നിലവിളിച്ചു. അമ്മയെ നോക്കി വെള്ളം ചോദിച്ചപ്പോൾ വീട്ടിലെത്തി വെള്ളവുമായി മടങ്ങിയെത്തി. മടിയിൽ മകന്റെ തല വച്ച് ഒരുഗ്ളാസ് വെള്ളം കുടിപ്പിച്ചു. വിശാഖിന്റെ ശരീരമാകെ രക്തമായതിനാൽ തുടയ്ക്കാൻ ഒരു ബെഡ് ഷീറ്റ് കൊണ്ടുവരാൻ നാട്ടുകാർ അമ്മയോട് ആവശ്യപ്പെട്ടു. ബെഡ്ഷീറ്റ് കൊണ്ടുവരുന്നതിനിടെ വിശാഖിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. മകന് ഒന്നും സംഭവിക്കില്ലെന്നാണ് വീട്ടിലെത്തിയവരോട് അമ്മ പറഞ്ഞെന്ന് കൗൺസിലർമാരായ സുകന്യയും ദീപ എസ്.നായരും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |