SignIn
Kerala Kaumudi Online
Sunday, 06 September 2026 11.29 PM IST

(കഥയും കാഴ്ചയും)​ അറുകൊലക്കണ്ടത്തിൽ അറുകൊലയുണ്ടോ..

g

പണ്ട് അറുകൊലയെ പേടിച്ച് രാത്രിയിൽ വീടിന് പുറത്തിറങ്ങിയിരുന്നില്ല ആളുകൾ. . ദുർമരണമടഞ്ഞവരുടെ പ്രേതങ്ങളാണത്രേ ഗതികിട്ടാതെ നടക്കുന്ന അറുകൊലകൾ. ജീവിച്ചിരിക്കുന്നവരെ പിടികൂടി കൊല്ലുകയും കൊന്ന ശേഷം പുല്ലുപോലെ മറയുകയുമാണ് അറുകൊലയുടെ വിനോദം. രാത്രികാലത്ത് അന്ന് നാടുമുഴുവൻ അറുകൊലകൾ അർമാദിച്ച് നടന്നു. കാലം മാറിയതോടെ സംഗതി വെറും കെട്ടുകഥയാണെന്ന് ജനത്തിന് മനസിലായി. ഇപ്പോൾ അറുകൊലയെ കാണാനില്ല. യക്ഷിയെപ്പോലെ കക്ഷിയും കഥ മാത്രമായി.

അറുകൊലയെക്കുറിച്ച് കവിത പോലും ഉണ്ടായിട്ടുണ്ട്. പേര് അറുകൊലക്കണ്ടം.സംഗതി വെറുതെ എഴുതിയതല്ല. നടന്ന ഒരു കൊലപാതകം കവിതയാക്കിയതാണ്. കവിതയ്ക്ക് പിന്നിലെ കഥ നടന്ന അറുകൊലക്കണ്ടം കുമ്പഴയ്ക്കടുത്ത് ഇപ്പോഴുമുണ്ട്.

എഴുതിയത് നമ്മുടെ നാട്ടുകാരനാണ്. ഗോവിന്ദനാശാൻ എന്ന കെ.കെ. ഗോവിന്ദൻ. മലയാലപ്പുഴ കണിശേരിൽ വീട്ടിൽ ജനിച്ചു വളർന്ന അദ്ദേഹം പിന്നെ തിരുവനന്തപുരം ഏജീസ് ഒാഫീസിൽ സീനിയ‌ർ ഒാഡിറ്ററായി. അക്കാലത്താണ് പണ്ട് തന്റെ നാട്ടിൽ നടന്ന ഒരു കൊലപാതകവും അറുകൊലയും അദ്ദേഹം കവിതയാക്കിയത്. 1983ലാണ് കവിത വരുന്നത്. കവിതയിലെ കഥ ഇങ്ങനെ- ഉൗരോമ്പിൽ എന്ന തറവാട്ടിലെ അടിമയായിരുന്ന താഴ്ന്ന ജാതിക്കാരിയായ ഒരു പെണ്ണിനെ മലയാലപ്പുഴയിലെ കുതിരക്കുളത്തെ തോമ്പിൽ എന്ന തറവാട്ടിലെ അടിമയായ പുലയൻ വിവാഹം കഴിച്ചു. പെണ്ണിന്റെ സഹോദരൻ ഒരിക്കൽ സഹോദരിയെ കാണാൻ തോമ്പിലേക്ക് വന്നു. അതിനിടെ അവിടെ കാണാതായ പശുവിനെ മോഷ്ടിച്ചത് ഇൗ ചെറുപ്പക്കാരനാണെന്ന് ആരോപിച്ച് ജൻമികൾ അയാളെ വെട്ടിക്കൊന്നു. ഇതിന് ശേഷം തോമ്പിൽ തറവാട്ടിലെ അംഗങ്ങൾ ചോരതുപ്പി മരിക്കാൻ തുടങ്ങി. കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ അറുകൊല പ്രതികാരം ചെയ്യുകയാണെന്ന് ജ്യോതിഷികൾ പറഞ്ഞു. പ്രായശ്ചിത്തമായി തോമ്പിലെ ജൻമി മരിച്ചയാളുടെ കുടുംബത്തിന് പണവും ഭൂമിയും ദാനം ചെയ്യണമെന്ന് നിർദ്ദേശിച്ചു. ഇങ്ങനെ ദാനം നൽകിയ കണ്ടമാണത്രേ അറുകൊലക്കണ്ടമായി മാറിയത്. കവിത 14 പേജിൽ മാത്രമേയുള്ളെങ്കിലും ആസ്വാദനവും ആശംസയും എഴുതിയവർക്കായി നീക്കിവച്ചത് 626 പേജാണ്. പ്രശസ്ത എഴുത്തുകാരായ കടമ്മനിട്ട രാമകൃഷ്ണനും അയ്യപ്പ പണിക്കരും വിഷ്ണുനാരായണൻ നമ്പൂതിരിയും ഉൾപ്പെടെ നിരവധി പേരാണ് അറുകൊലയ്ക്ക് ആസ്വാദനം എഴുതിയത്. വേറെയും പുസ്തകങ്ങൾ കെ.കെ.ഗോവിന്ദന്റേതായി ഉണ്ട്. ചുരുക്കത്തിൽ അറുകൊലയെ അക്ഷരങ്ങളിലാക്കിയതിന്റെ ക്രെഡിറ്റ് പത്തനംതിട്ടക്കാരനാണ്.

രാത്രിയായാൽ അന്ന് നാടുമുഴുവൻ അറുകൊലകൾ അർമാദിച്ച് നടന്നു. കാലം മാറിയതോടെ സംഗതി വെറും കെട്ടുകഥയാണെന്ന് ജനത്തിന് മനസിലായി. ഇപ്പോൾ അറുകൊലയെ കാണാനില്ല. യക്ഷിയെപ്പോലെ കക്ഷിയും കഥ മാത്രമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL