പ്രതികൾ റിമാൻഡിൽ
തിരുവനന്തപുരം: വഴിത്തർക്കത്തെ തുടർന്ന് പാൽക്കുളങ്ങര കൈതമുക്കിന് സമീപം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൃത്യത്തിന് ശേഷം കാറിൽ രക്ഷപെട്ട പ്രതികൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ രക്തം പുരളാത്ത മൂന്ന് വെട്ടുകത്തികളാണ് കാറിലിട്ടതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പുലയനാർകോട്ടയ്ക്ക് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് തെളിവെടുപ്പിനിടെയാണ് കണ്ടെത്തിയത്.ചോദ്യം ചെയ്യലിലാണ് രക്തം പുരണ്ട വെട്ടുകത്തികൾ കുറ്റിക്കാട്ടിലുണ്ടെന്ന് പ്രതികൾ സമ്മതിച്ചത്.
അതേസമയം വിശാഖിനെ കൊലപ്പെടുത്തിയ കേസിൽ ബന്ധു പാൽക്കുളങ്ങര സ്വദേശി പത്തു എന്ന പ്രദീപ്കുമാർ (39), സുഹൃത്തുക്കളായ പാച്ചല്ലൂർ സ്വദേശി വിനീത് (40),പേട്ട സ്വദേശി റസിംഖാൻ (35),കരിക്കകം സ്വദേശി മുകേഷ് എന്ന ശിവപ്രസാദ് (39) എന്നിവരെ റിമാൻഡ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ രാത്രിയോടെ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിക്ക് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇവർ രക്ഷപെടാൻ ഉപയോഗിച്ച ആൾട്ടോ കാർ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. പ്രദീപിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് ഇവരെ കണ്ടെത്തിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇന്നലെ രാവിലെ പ്രതികളെ കൃത്യം നടന്ന സ്ഥലത്തും ഒളിച്ചിരുന്ന പുലയനാർകോട്ടയിലും തെളിവെടുപ്പിനെത്തിച്ചു. വിശാഖിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച നാല് വെട്ടുകത്തികളും ഒരുകവറിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്. കൃത്യത്തിനായി പ്രതികൾ വ്യക്തമായ ആസൂത്രണം നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി. തലേദിവസം ചാലയിൽ നിന്ന് ഏഴ് വെട്ടുകത്തികൾ വാങ്ങിയ പ്രതികൾ വാഹനം വാടകയ്ക്കെടുക്കുകയും ചെയ്തു. മദ്യപിച്ച ശേഷം വഴിയിൽ കാത്തിരുന്ന നാലുപ്രതികളും വീടിന് മുന്നിലെത്തിയ വിശാഖിനെ ആക്രമിക്കുകയായിരുന്നു. ഏഴിലധികം വെട്ടുകളാണ് ശരീരത്തിലുണ്ടായിരുന്നത്. വെട്ടുകത്തി ഒളിപ്പിച്ച വിനീത് തന്നെ ഇവ കണ്ടെടുത്ത് പൊലീസിന് നൽകുകയായിരുന്നു. നിരന്തരം തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്ന വിശാഖിന്റെ കൈയും കാലും വെട്ടിയെടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് ഒന്നാം പ്രതി പ്രദീപ് പൊലീസിനോട് പറഞ്ഞത്. പ്രതികൾക്കെതിരെ കൊലപാതകം,വധശ്രമം അടക്കമുള്ള നിരവധി കേസുകളുണ്ട്. ഒന്നാം പ്രതി പ്രദീപ് കാപ്പാക്കേസ് അടക്കം ഏഴ് കേസുകളിൽ പ്രതിയാണ്. 2013നുശേഷം ഇയാൾക്കെതിരെ കേസുകളില്ല. രണ്ടാം പ്രതി വിനീത് മറ്റൊരു വധശ്രമക്കേസിലും പ്രതിയാണ്. മൂന്നാം പ്രതി റസിം ഖാൻ ലോഡ്സ് ആശുപത്രിക്ക് സമീപത്തുവച്ച് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിലടക്കം അഞ്ചുക്രിമിനൽ കേസിൽ പ്രതിയാണ്. ഇയാൾ പേട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്. നാലാം പ്രതി ശിവപ്രസാദ് 12 കേസുകളിൽ പ്രതിയാണ്. ഇയാൾ വിഴിഞ്ഞം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്.നാലുപ്രതികളും വിശാഖിനെ കൊലപ്പെടുത്തുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങളും പുറത്തായി.
ജീവന് ഭീഷണിയെന്ന് പരാതി നൽകിയിട്ടും പൊലീസ്
കാര്യമാക്കിയില്ലെന്ന്
ഒരുവർഷം മുമ്പ് പ്രദീപിനെ ആക്രമിച്ചശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയ വിശാഖ്, തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് പരാതി നൽകിയെങ്കിലും വഞ്ചിയൂർ പൊലീസ് കാര്യമായി എടുത്തില്ലെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാതെ വന്നതോടെ വിശാഖിന്റെ അമ്മ ഇക്കാര്യം കാണിച്ച് സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിന്മേൽ വഞ്ചിയൂർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതി. അതേസമയം നിലവിൽ ഭീഷണിയില്ലെന്ന് വിശാഖിന്റെ അമ്മ എഴുതി ഒപ്പിട്ടുനൽകിയതായി വഞ്ചിയൂർ പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |