
ബാലരാമപുരം: ബാലരാമപുരം കൊടിനട കച്ചേരിക്കുളത്തെ മാലിന്യനിക്ഷേപത്തിന് കൗമുദി വാർത്തയെ തുടർന്ന് നടപടിയായി. മാസങ്ങളായി മാലിന്യക്കൂനയായി കെട്ടിക്കിടന്ന ജൈവ-അജൈവമാലിന്യം ജെ.സി.ബി ഇറക്കി പഞ്ചായത്ത് നീക്കം ചെയ്തു. ചിലഭാഗങ്ങളിൽ കുഴിയെടുത്ത് മാലിന്യസംസ്കരണവും നടത്തി. ബാലരാമപുരം ടൗൺ കേന്ദ്രീകരിച്ചും ഹോട്ടൽ, പച്ചറി സ്റ്റാളുകൾ എന്നിവിടങ്ങളിൽ നിന്നും പ്ലാസ്റ്റിക്ക് കവറുകളും ചാക്കുകളിലും കെട്ടി ടൺ കണക്കിന് മാലിന്യമാണ് കച്ചേരിക്കുളത്ത് തള്ളുന്നത്. സമീപത്തെ ജലസ്ത്രോതസുകൾ മലിനപ്പെടുകയും ദുർഗന്ധവും കൊതുക് ശല്യവും പെരുകിയതോടെ പ്രതിഷേധവുമായി നാട്ടുകാരും മഹാരാജ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും രംഗത്തെത്തിയിരുന്നു. അസോസിയേഷൻ അധികൃതർ രേഖാമൂലം ഒരു വർഷം മുമ്പ് പഞ്ചായത്ത് സെക്രട്ടറിക്കും ഭരണസമിതിക്കും പരാതി നൽകിയിരുന്നു. ഹരിതകർമ്മസേന വിഭാഗത്തിന്റെ സേവനം പ്രയോജപ്പെടുത്തി പ്രദേശം പ്ലാസ്റ്റിക്ക്മുക്തമാക്കണമെന്ന് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും ദുർഗന്ധം കാരണം ശുചീകരണം തടസപ്പെട്ടു. തകരാറിയ പഞ്ചായത്ത് വാഹനം പ്രവർത്തനസജ്ജമായതോടെ ബാലരാമപുരത്തെ മാലിന്യനീക്കം ആരംഭിച്ചിരിക്കുകയാണ്.
എം.സി.എഫ് യൂണിറ്റ് നടപ്പിലായില്ല
പഞ്ചായത്ത് ഹരിതകർമ്മസേനയുടെ എം.സി.എഫ് യൂണിറ്റ് കച്ചേരിക്കുളത്ത് സ്ഥാപിക്കാൻ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചെങ്കിലും നടപ്പിലായില്ല. ലക്ഷങ്ങൾ ചെലവിട്ട് പഞ്ചായത്ത് പാർക്കിംഗ് ഏരിയക്ക് കച്ചേരിക്കുളത്ത് സ്ഥലം കണ്ടെത്തിയെങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്യാതായതോടെ വീണ്ടും മാലിന്യകേന്ദ്രമായിമാറുകയായിരുന്നു. കച്ചേരിക്കുളത്ത് മാലിന്യപ്രതിസന്ധി ആരംഭിച്ചിട്ട് പത്ത് വർഷം പിന്നിടുകയാണ്.
സി.സി.ടിവി സ്ഥാപിച്ച് പിഴ ചുമത്തണം
പഞ്ചായത്ത് ഇടപെട്ട് കച്ചേരിക്കുളം മാലിന്യമുക്തമാക്കിയ സാഹചര്യത്തിൽ കൊടിനട-മാർക്കറ്റ് റോഡുകൾ കേന്ദ്രീകരിച്ച് കൂടുതൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിച്ച് മാലിന്യം നിക്ഷേപിച്ച് കടന്നുകളയുന്നവർക്കെതിരെ പിഴശിക്ഷയുൾപ്പെടെയുള്ള നടപടികളും കേസുകളും രജിസ്റ്റർ ചെയ്യണമെന്ന് നാട്ടുകാരും മഹാരാജ റസിഡൻസ് അസോസിയേഷനും ആവശ്യപ്പെട്ടു.
ചാനൽപ്പാലം-റസൽപുരം റോഡിൽ വാഹനത്തിൽ മാലിന്യം കൈതോടിൽ നിക്ഷേപിക്കാൻ ശ്രമിച്ചയാൾക്കെതിരെ പഞ്ചായത്ത് 5000രൂപ പിഴ ചുമത്തിയിരുന്നു. മാലിന്യംനിക്ഷേപിക്കുന്ന പ്രധാന സ്ഥലങ്ങളിൽ സി.സി.ടിവി ക്യാമറകളും മുന്നറിയിപ്പ് ബോർഡുകളും ബാലരാമപുരം പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |