
മൂന്നാർ: മൂന്നാറിൽ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 8.185 കിലോ വൈക്കോൽ കറുപ്പുമായി (പോപ്പി സ്‌ട്രോ) ഒരാൾ അറസ്റ്റിലായി. ഇടമലക്കുടി സ്വദേശിയായ മോഹൻരാജാണ് (41) പിടിയിലായത്. കേരളത്തിൽ ആദ്യമായാണ് വൈക്കോൽ കറുപ്പുമായി ഒരാൾ പിടിയിലാകുന്നതെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.
ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാർ എക്‌സൈസ് സർക്കിൾ ഓഫീസും ദേവികുളം എക്‌സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ തമിഴ്നാട്ടിലെ തേനിയിൽ നിന്ന് വൈക്കോൽ കറുപ്പുമായി വരുമ്പോഴാണ്
മൂന്നാറിൽ പിടിയിലായത്. ഇടമലക്കുടിയിലെത്തിച്ച് ഇത് വിൽക്കുകയാണ് രീതി.
മൂന്നാർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെയും ദേവികുളം എക്‌സൈസ് ഇൻസ്‌പെക്ടറുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നാർ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തി വരുകയായിരുന്നു.
വൈക്കോൽ
കറുപ്പ്
വൈക്കോൽ കറുപ്പ് (പോപ്പി സ്‌ട്രോ) പോപ്പി ചെടിയുടെ പൂവിട്ട ശേഷമുള്ള ഉണങ്ങിയ തണ്ടും പൂമൊട്ടിന്റെ ഭാഗങ്ങളും പൊടിച്ചെടുത്ത ലഹരി വസ്തുവാണ്. കറുപ്പ് വേർതിരിച്ചെടുത്ത ശേഷമുള്ള പോപ്പി ചെടിയുടെ ഭാഗങ്ങൾ ഉണക്കി സംസ്‌കരിച്ചാണ് ഇത് നിർമ്മിക്കുന്നത്. വെള്ളത്തിലോ ചായയിലോ കലർത്തി തിളപ്പിച്ച് കുടിച്ചാണ് ലഹരിക്കായി ഇത് ഉപയോഗിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |