
പച്ചടി: അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുനാഥന്മാരോടുള്ള ആദരവും സ്‌നേഹവും നന്ദിയും പങ്കുവെച്ച് ശ്രീനാരായണ എൽ.പി സ്‌കൂൾ പച്ചടിയിൽ അദ്ധ്യാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തിന് വേറിട്ട ശബ്ദാനുഭവം പകർന്നത് സ്‌കൂൾ എഫ്.എം 'കുഞ്ഞുസ്വരം" ആയിരുന്നു. എൽ.കെ.ജി കുട്ടികളുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രത്യേക എഫ്.എം പരിപാടികൾ അവതരിപ്പിച്ചു. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ ആശംസകളും അവതരണങ്ങളും അദ്ധ്യാപകർക്കുള്ള സ്‌നേഹസമ്മാനമായി മാറി. പ്രഥമാദ്ധ്യാപകൻ പി.കെ. ബിജുവിനെ സഹപ്രവർത്തകരായ അദ്ധ്യാപകർ പൊന്നാടയണിയിച്ചും പുഷ്പങ്ങൾ നൽകി ആദരിച്ചും ഗുരുസ്മരണ പുതുക്കി. വിദ്യാർത്ഥികൾ അദ്ധ്യാപകർക്ക് സ്വന്തമായി തയ്യാറാക്കിയ വിവിധ തരം ആശംസാ കാർഡുകളും മധുരപലഹാരങ്ങളും നൽകി. നാലാം ക്ലാസ് വിദ്യാർത്ഥികൾ 'കുട്ടി അദ്ധ്യാപകരായി" വേഷമണിഞ്ഞെത്തി ക്ലാസ് നയിച്ചു. ഒരോ കുട്ടിയും അദ്ധ്യാപകരുടെ വേഷവും സംസാരശൈലിയും അദ്ധ്യാപനരീതിയും മനോഹരമായി അവതരിപ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരെ അനുകരിച്ചുകൊണ്ടുള്ള കുട്ടികളുടെ പ്രകടനം ചിരിയും കൗതുകവും നിറച്ചതോടൊപ്പം അദ്ധ്യാപകവൃത്തിയുടെ മഹത്വവും ഉത്തരവാദിത്വവും തിരിച്ചറിയാനുള്ള അവസരമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |