തൃശൂർ: ഒരു നാടകത്തിൽ തുടക്കം. ഒടുവിൽ 800-ാം അരങ്ങിലേക്ക്. അരങ്ങിന്റെ വിളക്കുകൾ അണയാതെ 800-ാം നാഴികക്കല്ലിലേക്ക് കടക്കുകയാണ് രംഗചേതന. വലിയ സാമ്പത്തിക സഹായങ്ങളുടെയോ സർക്കാർ ഗ്രാന്റുകളുടെയോ പിൻബലമില്ലാതെ, നാടകപ്രേമികളുടെ അചഞ്ചലമായ പിന്തുണയിൽ പ്രതിവാര നാടകാവതരണങ്ങളുടെ ചരിത്രം തീർത്ത രംഗചേതനയുടെ 800ാം വേദിക്ക് ഈ മാസം തിരശ്ശീല ഉയരും.
46 വർഷമായി തൃശൂരിന്റെ സാംസ്‌കാരിക മനസിൽ നാടകത്തിന്റെ വെളിച്ചം പകരുന്ന രംഗചേതന 2011 മേയ് 22നാണ് പ്രതിവാര അരങ്ങുകൾക്ക് തുടക്കമിട്ടത്. സത്യജിത്ത് സംവിധാനം ചെയ്ത 'അതെന്താ' യായിരുന്നു ആദ്യ നാടകാവതരണം. പ്രളയവും മഹാമാരിയും നാടിനെ നിശ്ചലമാക്കിയപ്പോഴും നാടകത്തിന്റെ ശബ്ദം നിലയ്ക്കാതെ രംഗചേതന മുന്നോട്ടുപോയി. വേദികൾ അടഞ്ഞ കാലത്ത് വിർച്വൽ അരങ്ങുകളിലൂടെയും നാടകത്തിന്റെ തുടർച്ച കാത്തുസൂക്ഷിച്ചു. സെഫോക്ലിസ്, ഷേക്‌സ്പിയർ, ഇബ്‌സൻ തുടങ്ങിയ ലോകോത്തര നാടകകൃത്തുക്കളുടെ സൃഷ്ടികൾക്കൊപ്പം സി.ജെ. തോമസ്, എൻ.എൻ. പിള്ള, വൈശാഖൻ, ജി. ശങ്കരപ്പിള്ള തുടങ്ങിയ പ്രമുഖരുടെ രചനകളും വേദിയിൽ പുതിയ ജീവൻ നേടി.
800ാം അരങ്ങിലേക്ക് എട്ടുരാവുകൾ
'കല എല്ലാവർക്കുമായി തുറന്നുവച്ച വിശാലമായ ആകാശമാണ്' എന്ന സന്ദേശവുമായി 'രംഗോത്സവം 800' ഈ മാസം ആറുമുതൽ 13 വരെ കേരള സംഗീത നാടക അക്കാഡമി നാട്യഗൃഹത്തിൽ അരങ്ങേറും. ആറിന് വൈകീട്ട് 4.30ന് മാധ്യമപ്രവർത്തകനും സാംസ്‌കാരിക വിമർശകനുമായ നീലൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് 'അതെന്താ'യുടെ പ്രദർശനവും നടക്കും. എട്ടുദിവസങ്ങളിലായി 14 നാടകങ്ങൾ വേദിയിലെത്തും. നാടക പ്രദർശനങ്ങൾക്കും മുതിർന്ന നാടക കലാകാരന്മാരെ ആദരിക്കലിനും നടക്കും. ഏഴുമുതൽ 12 വരെ ദിവസവും വൈകീട്ട് പ്രമുഖ നാടകസംഘങ്ങളുടെ അവതരണങ്ങളുണ്ടാകും. സമാപനദിനമായ 13ന് രാത്രി 7.30ന് ഷിന്റോ തോമസ് സംവിധാനം ചെയ്യുന്ന 'നോക്ക് നോക്ക്' 800-ാമത്തെ നാടകമായി അരങ്ങിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |