
ആറ്റിങ്ങൽ: ആറ്റിങ്ങൽ മുനിസിപ്പൽ ബസ്‌സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രഖ്യാപിച്ചിട്ട് കാലങ്ങളായി. ഇതുവരെ പ്രവർത്തനം മാത്രമില്ല. വിദ്യാർത്ഥികൾ അടക്കം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാനും സ്റ്റാൻഡിനുള്ളിൽ വിദ്യാർത്ഥികളെ വളഞ്ഞിട്ടാക്രമിക്കുന്നത് ഒഴിവാക്കുകയുമാണ് എയ്ഡപോസ്റ്റ് സ്ഥാപിക്കലിന്റെ ലക്ഷ്യം. ലഹരിക്കടിമകളും ലഹരിവില്പനക്കാരും സ്റ്റാൻഡിൽ കറങ്ങി നടക്കുന്നുണ്ട്. ചില സമയങ്ങളിൽ നടക്കുന്ന ആക്രമണങ്ങളിൽ സ്റ്റാൻഡിലെ കടകൾക്ക് നേരെയും അക്രമണങ്ങളുണ്ടാകാറുണ്ട്. പൊലീസിനെ അറിയിച്ചാലും ട്രാഫിക് ബ്ലോക്ക് താണ്ടി അവർ എത്തുമ്പോഴേക്കും അക്രമിസംഘങ്ങൾ രക്ഷപ്പെടാറാണ് പതിവ്. ശനി,ഞായർ ദിവസങ്ങളിൽ മറ്റിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സംഘമായെത്തി ഏറ്റുമുട്ടാറുണ്ടെന്നും യാത്രക്കാർ പറയുന്നു. പരിക്കുപറ്റിയവരെ പലപ്പോഴും സ്റ്റാൻഡിലെ വ്യാപാരികളാണ് ആശുപത്രിയിലെത്തിക്കാറ്.
മൂന്ന് വർഷം മുമ്പ് ആറ്റിങ്ങൽ എസ്.എച്ച്.ഒ സ്റ്റാൻഡിൽ എയ്ഡ്പോസ്റ്റ് ആരംഭിക്കുന്നതിനുവേണ്ടി നഗരസഭയുടെ അനുമതി തേടിയിരുന്നു. ഇവിടുത്തെ കെട്ടിടത്തിലോ പുറത്തോ എയ്ഡ് പോസ്റ്റ് തുടങ്ങാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. നിലവിൽ ചില സമയങ്ങളിൽ പിങ്ക് പൊലീസിന്റെ സാന്നിദ്ധ്യം സ്റ്റാൻഡ് പരിസരത്തുണ്ടെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
അപകടങ്ങൾ തുടർക്കഥ
സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതിലും അമിത വേഗത നിയന്ത്രിക്കുന്നതിനും പൊലീസിന്റെ സേവനം അനിവാര്യമാണ്. മുമ്പ് വർക്കല സ്വദേശിനിയുടെ ഇരു കാലുകളിലൂടെയും ബസ് കയറിയിറങ്ങിയ സംഭവവും പിന്നീട് കീഴാറ്റിങ്ങൽ സ്വദേശിനി ബസ് കയറി മരിച്ച സംഭവവുമുണ്ടായി.
ലഹരിയും
മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നവരും മയക്കുമരുന്നിന് അടിമകളായവരുമായ സ്റ്റാൻഡിൽ എത്തുന്നു.ഇത്തരം മയക്കുമരുന്ന് സംഘങ്ങൾ വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരി വസ്തുക്കൾ നൽകി ദുരുപയോഗം ചെയ്യുന്നതായും സംശയമുണ്ട്. അതിനാൽ ശക്തമായ നിരീക്ഷണവും മുൻകരുതലും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
സി സി.ടിവി ക്യാമറകളും വേണ്ടത്ര ലൈറ്റുകളും വേണമെന്ന ആവശ്യവും ശക്തമാണ്. രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകൾക്കും ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ക്യാമറകൾ അത്യാവശ്യമാണ്. ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രവും അപകടകരമാണെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |