
വെള്ളറട: ആറാട്ടുകുഴി-പിന്നക്കുന്നുവിള റോഡ് തകർന്നിട്ട് വർഷങ്ങളായെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ല. വെള്ളറട ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട റോഡിൽ ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ട് മെറ്റിൽ ചിന്നിചിതറി കിടക്കുകയാണ്.
മഴപെയ്താൽ ഈ റോഡ് ചെളിക്കളമാകും. കാൽനട യാത്രപോലും ദുരിതപൂർണ്ണമാണ്. ഇരുചക്ര വാഹനങ്ങൾ അപകടങ്ങളിൽപ്പെടുന്നതും പതിവാണ്.
വർഷങ്ങൾക്ക് മുൻപാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ഫണ്ടുപയോഗിച്ച് റോഡ് ടാർ ചെയ്തത്. ഏകദേശം 200ഓളം കുടുംബങ്ങളുടെ പ്രധാന സഞ്ചാരപാതയാണ് തകർന്നുകിടക്കുന്നത്. നിരവധി തവണ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപഞ്ചായത്ത് അധികൃതരെയും വാർഡ് മെമ്പറെയും സമീപിച്ചുവെങ്കിലും റോഡ് നന്നാക്കാൻ നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. പുതിയ പഞ്ചായത്ത് ഭരണ സമിതി അധികാരമേറ്റ് മാസങ്ങൾ കഴിഞ്ഞുവെങ്കിലും തിരിഞ്ഞുനോക്കുകപോലും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ റോഡ് നന്നാക്കിനൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അടിയന്തരമായി റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് സ്ഥലവാസിയായ റിട്ട. സൈനിക ഉദ്യോഗസ്ഥനായ എ.സത്യശീലൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. സ്ഥലം എം.എൽ.എയെ നേരിട്ട് കണ്ട് റോഡിന്റെ ശോചനീയാവസ്ഥ പറയുകയും നിവേദനം നൽകുകയും ചെയ്തിരുന്നു.
ആറാട്ടുകുഴിയിൽ നിന്നും തുടങ്ങി പിന്നക്കുന്നിവിളവഴി വെട്ടുകുറ്റിയിലെത്തുന്ന റോഡിനാണ് ഈ ഗതി.
അടിയന്തരമായി സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് സ്ഥലവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |