SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

ദേശീയപാതയിൽ വാഹന അഭ്യാസപ്രകടനം

ഉദിയൻകുളങ്ങര: ദേശീയപാതയിൽ അമിതവേഗത്തിലുള്ള വാഹനങ്ങളുടെ മത്സരയോട്ടത്തിന് അറുതിയില്ല. കളിക്കാവിള കരമന ദേശീയപാതയോരമായ അമരവിള താന്നിമൂട് മുതൽ നെയ്യാർ പാലം വരെയുള്ള ഭാഗത്തുള്ള വിദ്യാർത്ഥികളും നാട്ടുകാരും ഭീതിയിലാണ് കഴിയുന്നത്.

ഹോൺ മുഴക്കി മത്സരയോട്ടം നടത്തുന്ന ആഡംബര ബൈക്കുകളിലെ അഭ്യാസങ്ങളും കാർ റൈസിംഗുമാണ് റോഡുകളിൽ അരങ്ങേറുന്നത്. ഐ.ടി.ഐ,ഹയർ സെക്കൻഡറി സ്കൂൾ,ഹൈസ്കൂൾ, തിരക്കേറിയ വ്യാപാര കേന്ദ്രങ്ങൾ, മീൻ ചന്ത,ബിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ്,ചെക്ക് പോസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുൾപ്പെടെ ഇവിടങ്ങളിൽ സ്ഥിതി ചെയ്യുന്നുണ്ട്. മണിക്കൂറിൽ നൂറ് കണക്കിന് വാഹനങ്ങളാണ് ദേശീയ പാതയിൽ സഞ്ചരിക്കുന്നത്. ദിനംപ്രതി ഇവിടെ അപകടങ്ങൾ തുടർക്കഥയായി മാറിയിരിക്കുകയാണ്. വാഹനങ്ങളിൽ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള വണ്ടികളുമായാണ് യുവാക്കൾ നടക്കുന്നത്. രാത്രികാലങ്ങളിലും ഈ അവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. ബാറുകളുടെ സമയം 11.30വരെ ആയതോടെ മദ്യപിച്ച് അമിതവേഗത്തിൽ അപകടങ്ങൾ സൃഷ്ടിക്കുന്ന വാഹനങ്ങളുടെ എണ്ണവും ഈ ഭാഗങ്ങളിൽ കുറവല്ല.

പ്രവർത്തനരഹിതമായി നിരീക്ഷണ ക്യാമറകൾ

നെയ്യാറിന് കുറുകെയുള്ള അമരവിള പഴയപാലത്തിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്നു നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാണ്. സമീപത്തായി ബിവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചതും ഈ ഭാഗങ്ങളിൽ വാഹനം നിർത്തിയിട്ട് മദ്യപിക്കുന്ന സംഘങ്ങളുടെ എണ്ണവും നിരവധിയാണ്.

രാത്രി കാലങ്ങളിൽ പൊലീസിന്റെ പരിശോധനകൾ പേരിനു മാത്രമായി ഒതുങ്ങിയതായും ആക്ഷേപങ്ങൾ ഉയരുന്നു.

അന്യസംസ്ഥാനത്തുനിന്നും തിരുവനന്തപുരം നഗരത്തിലേക്ക് നിശ്ചിത സമയത്തിനുള്ളിൽ എത്തിച്ചേരുവാനായി പാഞ്ഞുപോകുന്ന വാഹനങ്ങളുടെ നീണ്ടനിര തന്നെ രാത്രികാലങ്ങളിൽ കാണാനാകും.

സ്കൂൾ സമയങ്ങളിൽ നമ്പർ പ്ലേറ്റുകൾ ഇല്ലാത്ത ബൈക്കിൽ അഭ്യാസങ്ങൾ നടത്തുന്ന യുവാക്കളിൽ പലരും ഹെൽമെറ്റുകൾ പോലും ധരിക്കാറില്ല. ഇവരുടെ മത്സരയോട്ടം വിദ്യാർത്ഥികൾക്കും ഭീഷണിയായി മാറിയിട്ടുണ്ട്.

അമിത വേഗത്തിലെത്തുന്ന വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL