പിഴ ചുമത്തിയത് അനധികൃതമായി ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചതിന്
തിരുവനന്തപുരം: അനധികൃതമായി ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചതിന് കേരള പൊലീസിന് പിഴ ചുമത്തി കോർപ്പറേഷൻ. നഗരപരിധിയിൽ 44-ാമത് ‘കേരള പൊലീസ് ഗെയിംസ് ആൻഡ് അത്‌ലറ്റിക്‌സ് മീറ്റിന്റെ' ഭാഗമായി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനാണ് നടപടി. നിയമലംഘനം നടത്തുന്ന ജനങ്ങൾക്ക് പിഴ ചുമത്തുന്ന പൊലീസിനാണ് ഇപ്പോൾ നിയമലംഘനത്തിനുള്ള പിഴ കിട്ടിയത്.
പി.എം.ജി,വഴുതക്കാട് എന്നിവിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചതിനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് 15,030 രൂപയുടെ പിഴ ചുമത്തിയത്. നഗരത്തിൽ സ്ഥാപിച്ചിരുന്ന മൂന്ന് ഫ്ലക്‌സ് ബോർഡുകൾ നീക്കുകയും ചെയ്‌തു. ഇക്കഴിഞ്ഞ 15ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരുന്നു. പിഴ ചുമത്തിയത് സംബന്ധിച്ച അറിയിപ്പ് പരിപാടിയുടെ സംഘാടകർക്ക് കൈമാറുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്‌തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നോട്ടീസ് ലഭിച്ച തീയതി മുതൽ ഏഴ് ദിവസത്തിനകം പിഴത്തുക കുടിശികയില്ലാതെ നഗരസഭയിൽ അടയ്‌ക്കണമെന്നും വീഴ്‌ച വരുത്തിയാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിട്ടുണ്ട്.
ഇതോടൊപ്പം ഹ്രസ്വചലച്ചിത്രമേള,ഓപ്പറേഷൻ തൂഫാൻ എന്നിവയുടെ പ്രചാരണാർത്ഥം സ്ഥാപിച്ച ബോർഡുകളും നഗരസഭ റവന്യൂ വിഭാഗം നീക്കം ചെയ്‌ത ശേഷം പിഴ ഈടാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡുകൾ നീക്കുന്നതിന് മുമ്പ് നോട്ടീസ് നൽകണമെന്നാണ് നിയമം. എന്നാൽ ഇത് പാലിച്ചില്ലെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല, ഹ്രസ്വ ചലച്ചിത്രമേള അവസാനിക്കുന്നത് മുമ്പാണ് ബോർഡുകൾ നീക്കം ചെയ്തത്. മുമ്പ് പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെ സ്ഥാപിച്ചിരുന്ന ബോർഡുകൾ നീക്കം ചെയ്യാത്തതിനെ തുടർന്ന് 19.9 ലക്ഷം രൂപ പിഴയിട്ടിരുന്നെങ്കിലും ഇതുവരെയും അടച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |