SignIn
Kerala Kaumudi Online
Thursday, 17 September 2026 10.30 PM IST

ഒഴുകട്ടേ ഇനി വാമനപുരം നദി തടസങ്ങളില്ലാതെ...

vama

വാമനപുരം: വാമനപുരം നദി ഇനി നിരവധി പദ്ധതികളുടെ ഉറവിടമായേക്കാം. നദിയെ പുനരുജ്ജീവിക്കണമെന്നും സംരക്ഷിക്കണമെന്നതും വർഷങ്ങളായുള്ള പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും ആവശ്യമായിരുന്നു. ഇതിനെ തുടർന്ന് വാമനപുരം നദിയുടെ പുനരുജീവനവുമായി ബന്ധപ്പെട്ട് സാദ്ധ്യതാപഠനം നടത്തുകയുമായിരുന്നു.

പൊന്മുടി താഴ്‌വാരമായ ചെമ്മഞ്ചി മൊട്ടയിൽ നിന്ന് ഉത്ഭവിച്ച് അഞ്ചുതെങ്ങ് കായലിൽ പതിക്കുന്നതു വരെയുള്ള 88 കിലോമീറ്ററിനുള്ളിൽ വനമേഖല ഒഴിച്ചുള്ള എട്ടിടങ്ങളിലാണ് എക്കോ ടൂറിസം പദ്ധതികൾക്ക് സാദ്ധ്യതയുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ടോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ. പ്രകാശ്, ലാൻഡ് യൂസേഴ്‌സ് ബോർഡ് കമ്മീഷണർ നിസാമുദ്ദീൻ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ അടങ്ങുന്ന സമിതിയെയാണ് ഇതുസംബന്ധിച്ചുള്ള പഠത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

വി. ശശി എം.എൽ.എ (ചെയർമാൻ), ഡി.കെ. മുരളി എം.എൽ.എ (കൺവീനർ), എം.എൽ.എമാരായ ഒ.എസ്. അംബിക, ജി. സ്റ്റീഫൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നെടുമങ്ങാട് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു വട്ടപ്പാറ (കോ - ഓർഡിനേറ്റർ) എന്നിരാണ് ഉന്നതാധികാരസമിതി അംഗങ്ങൾ.

പദ്ധതി പ്രാവർത്തികമായാൽ - 700 കോടി രൂപയുടെ വികസനം യാഥാർത്ഥ്യമാകും

വാമനപുരം നദി

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സാണ് വാമനപുരം നദി. 1350 ദശലക്ഷം ഘനഅടി ജല സമ്പത്തുണ്ടെന്നും ഇതിൽ 850 ദശലക്ഷം അടി ജലം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താമെന്നും നേരത്തെ നടത്തിയ പഠനങ്ങളിലൂടെ വെളിവായിരുന്നു.

സംരക്ഷണമില്ല

മതിയായ സംരക്ഷണമില്ലാതെയും നിരവധി ചൂഷണങ്ങൾക്ക് വിധേയമായും നദിക്ക് ശോഷണം സംഭവിച്ചു. മതിയായ തടയണകൾ ഇല്ലാത്തതിനാൽ വേനലിൽ നീരൊഴുക്ക് ദുർബലമായി. 2010 മുതൽ നദിയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം പോലും താളം തെറ്റുന്ന സ്ഥിതിയിലായി. ഇതോടെയാണ് നദി സംരക്ഷിക്കേണ്ടതിനെക്കുറിച്ചുള്ള ഗൗരവതരമായ ചിന്തകൾ ഉടലെടുത്തത്. എന്നാൽ ഇതുസംബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്ക് ജീവൻവച്ചത് 2019ൽ മാത്രമാണ്.

പഠന റിപ്പോർട്ടിൽ പറയുന്നത്

പുനരുജ്ജീവന പദ്ധതിയിൽ എക്കോ പാർക്ക്, സ്മാൾ ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ടുകൾ, കൂടുതൽ കുടിവെള്ള പദ്ധതികൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ടെന്നും കൂടാതെ നദിയിൽ അഞ്ച് വലിയ തടയണകൾ നിർമ്മിക്കുന്നതിനും നദിയുടെ നീർത്തട പരിധിയിൽ വരുന്ന 456 കുളങ്ങളിൽ 250 എണ്ണം നവീകരിക്കുന്നതിനും 42 പ്രധാന തോടുകൾ സംരക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും പഠന റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL