കുന്നംകുളം: റവന്യൂ ജില്ലാ കായിക മേളയ്ക്ക് ഇന്ന് കുന്നംകുളം ബോയ്‌സ് ഹൈസ്‌കൂളിൽ തുടക്കമാകും. സിന്തറ്റിക് ട്രാക്കും നാച്ചുറൽ ടർഫുമുള്ള മൈതാനത്ത് 99 ഇനങ്ങളിലായി 2100 കായികതാരങ്ങൾ മാറ്റുരയ്ക്കും. വിവിധ വിഭാഗങ്ങളിലെ വെയിറ്റ്‌ത്രോ മത്സരങ്ങൾ സെന്റ് ജോൺസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും ക്രോസ്‌കൺട്രി മത്സരങ്ങൾ പന്നിത്തടത്ത് വച്ചുമാണ് നടക്കുക. 38 ഗെയിംസ് മത്സരങ്ങൾ ശനിയാഴ്ച സമാപിച്ചിരുന്നു. സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികൾ ഇതാദ്യമായി മേളയിൽ പങ്കെടുക്കും. ഇന്ന് രാവിലെ 10ന് എ.സി. മൊയ്തീൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൻ സീത രവീന്ദ്രൻ അദ്ധ്യക്ഷയാകും. ഇ.ടി. ടൈസൺ എം.എൽ.എ മുഖ്യാതിഥിയാകും. മത്സരങ്ങൾ 23ന് സമാപിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സമാപന ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനാകും. വിദ്യാർത്ഥികൾക്ക് ഭക്ഷണ, കുടിവെള്ള സൗകര്യം ഏർപ്പെടുത്തും. ജില്ലകളിലെ ഒന്നും രണ്ടും സ്ഥാനക്കാർ നവംബർ നാലിന് കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പങ്കെടുക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എ.കെ. അജിതകുമാരി, ജില്ലാ സ്‌പോർട്‌സ് കോ-ഓർഡിനേറ്റർ എ.എസ്. മിധിൻ, ആർ.ഡി.എസ്.ജി.എ സെക്രട്ടറി കെ.കെ. മജീദ്, ജേക്കബ് ജെ. ആലപ്പാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |